പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ടോസ്; ബോളിം​ഗ് തെരഞ്ഞെടുത്തു

പാകിസ്ഥാനെതിരായ ലോകകപ്പ് ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ടോസ് നേടി ഇന്ത്യ ബോളിം​ഗ് തെരഞ്ഞെടുത്തു. പകൽ രണ്ടിനാണ്‌ കളി. ഇന്ത്യ- പാക് പോരാട്ടത്തിന് സാക്ഷിയാവാനെത്തിയ കാണികളാൽ ​ഗാലറി നിറഞ്ഞു. ലോകകപ്പിൽ മറ്റൊരു മത്സരത്തിനും കിട്ടാത്ത ആവേശമാണ്‌ ഇന്ത്യ–പാകിസ്ഥാൻ കളിക്ക് ലഭിക്കുന്നത്. 1,32,000 പേർക്ക്‌ ഇരിക്കാവുന്ന സ്‌റ്റേഡിയത്തിലെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു.

ലോകകപ്പ്‌ ചരിത്രത്തിലെ എട്ടാം അധ്യായമാണ്‌ ഇന്ത്യയും പാകിസ്ഥാനും ഇന്ന്‌ അഹമ്മദാബാദിൽ തുറക്കുന്നത്. ഇതിനുമുമ്പ്‌ പരസ്‌പരം കണ്ട ഏഴ്‌ മത്സരങ്ങളും ക്രിക്കറ്റ്‌ ചരിത്രത്തിന്റെ ഭാഗമായി. ഏഴ്‌ മുഖാമുഖങ്ങളിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഇത്തവണ ലോകകപ്പിലെ രണ്ട്‌ കളിയും ജയിച്ചാണ്‌ ഇന്ത്യയും പാകിസ്ഥാനും അഹമ്മദാബാദിൽ എത്തിയത്‌. പാകിസ്ഥാൻ ഹൈദരാബാദിൽനിന്ന്‌ ദിവസങ്ങൾക്കുമുമ്പേയെത്തി. ഇന്ത്യൻ ടീം ചെന്നൈ കഴിഞ്ഞ്‌ ഡൽഹിയിലും കളിച്ചാണ്‌ അഹമ്മദാബാദിലേക്ക്‌ വിമാനം കയറിയത്‌.

ഇന്ത്യ– പാക്‌ ക്രിക്കറ്റ്‌ ചരിത്രത്തിൽ സെഞ്ചൂറിയനിലും മൊഹാലിയിലും മാഞ്ചസ്‌റ്ററിലും കണ്ട ആവേശപ്പോര്‌ തുടരാനാണ്‌ രോഹിതും ബാബറും ഇറങ്ങുന്നത്‌. കഴിഞ്ഞ പതിപ്പുകളിലെപ്പോലെതന്നെ ഇന്ത്യൻ ബാറ്റർമാരും പാക്‌ പേസർമാരും തമ്മിലായിരിക്കും മത്സരം. ഏഷ്യാകപ്പിലായിരുന്നു അവസാന പോര്‌. അന്ന്‌ ഇന്ത്യ ആധികാരികജയം സ്വന്തമാക്കി.

Comments
Spread the News