യുസിസിക്കെതിരായ സിപിഐഎം സെമിനാ‍ർ ഇന്ന്

ഏക സിവിൽ കോഡിനെതിരായ സിപിഐഎം സെമിനാ‍ർ‌ ഇന്ന് കോഴിക്കോട് ആരംഭിക്കും. ഇന്ന് വൈകീട്ട് കോഴിക്കോട് സ്വപ്ന ന​ഗരി ട്രേഡ് സെന്ററിൽ പാർട്ടി ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി സെമിനാർ ഉദ്ഘാടനം ചെയ്യും. സമസ്ത ഉള്‍പ്പെടെ മുസ്ലിം സംഘടനാ പ്രതിനിധികളുടെയും ക്രൈസ്തവ – ദളിത് സംഘടനകളുടെയും പിന്തുണ ഉറപ്പാക്കിയാണ് സെമിനാറിന് വേദിയൊരുങ്ങുന്നത്. പ്രധാനമന്ത്രിയുടെ ഭോപ്പാൽ പ്രസംഗം തിരി കൊളുത്തിയ ഏക സിവിൽ കോഡ് ചർച്ചയിൽ കേരളത്തിൽ ആദ്യത്തെ സെമിനാറാണ് സിപിഐഎമ്മിന്റേത്.

സെമിനാറില്‍ എം വി ഗോവിന്ദന്‍ മാസ്റ്റർ , എളമരം കരീം, ഇ കെ വിജയന്‍, ജോസ് കെ മാണി തുടങ്ങി എല്‍ ഡി എഫ് നേതാക്കള്‍ സംസാരിക്കും. താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയലിനെ ക്ഷണിച്ചിരുന്നെങ്കിലും സഭയുടെ പ്രതിനിധിയായിരിക്കും പങ്കെടുക്കുക. ഹജജ് കമ്മറ്റി ചെയർമാന്‍ സി മുഹമ്മദ് ഫൈസി, മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല, സമസ്ത മുശാവറ അംഗങ്ങളായ ഉമർഫൈസി, പി എം അബ്ദുസലാം ബാഖവി തുടങ്ങിയ സാമുദായിക നേതാക്കളും സെമിനാറിൽ പങ്കെടുക്കും. പുന്നല ശ്രീകുമാർ, രാമഭദ്രന്‍ തുടങ്ങി ദലിത് നേതാക്കളെയും എസ്‍ എന്‍ ഡി പി പ്രതിനിധിയായി ബി ഡി ജെ എസ് നേതാവ് അരയാക്കണ്ടി സന്തോഷിനെയും സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

എന്നാൽ സിപിഐയുടെ പ്രധാന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കില്ല. സെമിനാര്‍ നടക്കുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ള സിപിഐ എംഎല്‍എയായ ഇ കെ വിജയനാണ് സെമിനാറില്‍ പാര്‍ട്ടിയെ പ്രതിനീധികരിക്കുക. ദില്ലിയിൽ ദേശീയ കൗണ്‍സില്‍ യോ​ഗം ചേരുന്നതിനാലാണ് പങ്കെടുക്കാനാകാത്തതെന്നാണ് വിശദീകരണം. എന്നാൽ ഇടതുമുന്നണിയുടെ ഭാഗമായി നടത്തേണ്ട സെമിനാര്‍ സിപിഐഎമ്മിന്റെ പാര്‍ട്ടി പരിപാടിയാക്കി ചുരുക്കിയതില്‍ സിപിഐയ്ക്ക് അതൃപ്തിയുണ്ട്. മുസ്ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതിലും സിപിഐ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

കോൺ​ഗ്രസിനെ സെമിനാറിലേക്ക് ക്ഷണിച്ചിരുന്നില്ല. മുസ്ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ സിപിഐഎമ്മിന്റെ ക്ഷണം നിരസിച്ച മുസ്ലിം ​ലീ​ഗ് യുഡിഎഫിനൊപ്പമെന്ന് അടിവരയിട്ട് ഉറപ്പിച്ച് പറയുകയും ചെയ്തു. കോൺ​ഗ്രസിനെ ക്ഷണിക്കാത്ത സെമിനാറിലേക്ക് പോകേണ്ടെന്ന് മുതി‍ർന്ന നേതാക്കളുടെ യോ​ഗം തീരുമാനിക്കുകയായിരുന്നു.

സെമിനാറിൽ പങ്കെടുക്കുന്ന സമസ്ത എന്നാൽ സെമിനാർ സംഘാടനത്തിൽ നിന്ന് വിട്ടുനിന്നു. സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറയെ സംഘാടക സമിതി വൈസ് ചെയർമാനായി തെരഞ്ഞെടുത്തിരുന്നു. സംഘാടക സമിതിയുടെ ഭാഗമാകേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചിരുന്നു. സിപിഐഎം പിന്നാക്ക ന്യൂനപക്ഷങ്ങൾക്ക് അനുകൂലമായി എടുക്കുന്ന നിലപാടുകളിൽ യോജിപ്പുണ്ട്. എന്നാൽ ശരീ അത്ത് പോലുള്ള വിഷയങ്ങളിൽ സിപിഐഎം നിലപാടിനോട് എതിരഭിപ്രായമാണുള്ളത്. എന്നാൽ സെമിനാറിൽ സമസ്ത പങ്കെടുക്കും. ഏത് രാഷ്ട്രീയ സംഘടന നടത്തുന്ന പരിപാടിയായാലും സഹകരിക്കും. കോൺഗ്രസ് പരിപാടി നടത്തിയാൽ അതിലും പങ്കെടുക്കുമെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞിരുന്നു. അതേസമയം ദേശീയ തലത്തിൽ ലീ​ഗിനെയും കോൺ​ഗ്രസിനെയും ഒപ്പം കൂട്ടുന്നത് ച‍ർച്ച ചെയ്യുമെന്ന് സിതാറാം യെച്ചൂരി പറഞ്ഞു.

Comments
Spread the News