വയോധികന്‌ സംരക്ഷണം നൽകിയില്ല; വീട്ടുകാർക്കെതിരെ കേസ്

രോഗിയായ എൺപത്തിയഞ്ചുകാരനെ സംരക്ഷണം നൽകാതെ ഉപേക്ഷിച്ച മക്കൾക്കും ചെറുമക്കൾക്കുമെതിരെ കേസ്. പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാർ ഇടവം റാണി ഭവനിൽ ഡാനിയേലിനെ സംരക്ഷിക്കുന്നതിനെ ചൊല്ലിയാണ് മക്കളും ചെറുമക്കളും ഭാര്യമാരും തമ്മിൽ തർക്കമുണ്ടായത്.
പരാതിയുടെ അടിസ്ഥാനത്തിൽ പാലോട് പൊലീസ് നാട്ടിലുള്ള മക്കളെ നേരിട്ട് വിളിച്ചുവരുത്തിയും വിദേശത്തുള്ളവരെ ഫോൺ മുഖേനയും ബന്ധപ്പെട്ട് അന്വേഷണം നടത്തി. രണ്ടു ഭാര്യമാരിലായി ആറ് മക്കളുള്ള ഡാനിയേലിന് വാർധക്യകാലത്ത് മതിയായ സംരക്ഷണം ലഭിക്കുന്നില്ലെന്നും ഇദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന നാല് സെന്റ് ഭൂമിയും വീടും മകൾ എഴുതിവാങ്ങിയശേഷം സംരക്ഷിക്കുന്നില്ലെന്നും കണ്ടെത്തി. തുടർന്ന് ഒരോ മക്കളും കൂട്ടുത്തരവാദിത്തത്തോടെ നോക്കാനും ചെലവിന് നൽകാനും പൊലീസ് നിർദേശം നൽകി. എന്നാൽ, വിതുരയിലുള്ള മകൻ ഇടവത്തുള്ള ചെറുമകളുടെ വീട്ടിൽ ഉപേക്ഷിച്ചു പോയി. ഡാനിയേലിന്റെ സംരക്ഷണ ചുമതല ഏറ്റെടുക്കാതെ ഭാര്യയും ചെറുമകളും കുടുംബവും വീട്ടിൽനിന്ന്‌ താമസം മാറ്റി. ഒരു ദിവസം ഭക്ഷണം ലഭിക്കാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ടതിനെ തുടർന്നാണ് മക്കൾക്കും ചെറു മക്കൾക്കുമെതിരെ പാലോട് പൊലീസ് കേസെടുത്തത്. വയോധികനെ വർക്കല വാത്സല്യം ഓൾഡേജ് ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്.
Comments
Spread the News