ശാസ്താംപാറയിൽ മലവെള്ളപ്പാച്ചിലിൽ മണ്ണിടിച്ചിൽ; ഖനനം നിരോധിക്കണം: ആനാവൂർ നാഗപ്പൻ

വെള്ളറട : ആലത്തൂർ ശാസ്താംപാറ ചരിവിൽ മഴവെള്ളപ്പാച്ചിലിൽ മണ്ണിടിച്ചിൽ. ആളപായമില്ല. രാത്രി തോരാതെ പെയ്ത മഴയ്‌ക്കൊപ്പമാണ് മണ്ണിടിച്ചിൽ. സമീപത്തെ പുരയിടങ്ങളിലെ നൂറോളം റബ്ബർ മരങ്ങൾ നശിച്ചു. പാറയ്ക്ക് സമീപത്തുണ്ടായ വെള്ളക്കെട്ടാണ് മണ്ണിടിച്ചിലിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. മലഞ്ചരിവിൽ മൺതിട്ടകളും കുന്നും തകരാനുള്ള സാധ്യതയുണ്ട്.
താഴ്‌വരയിലെ താമസക്കാരായ ഇരുപത്തഞ്ചോളം കുടുംബത്തെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചു. ആനാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. സി കെ ഹരീന്ദ്രൻ എംഎൽഎ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ അമ്പിളി, വൈസ് പ്രസിഡന്റ്‌ ജി കുമാർ, നെയ്യാറ്റിൻകര തഹസിൽദാർ മുരളി, പഞ്ചായത്തംഗം സിന്ധു, സിപിഐ എം ലോക്കൽ സെക്രട്ടറി എച്ച് എസ് അരുൺ, ഡി വേലായുധൻ നായർ തുടങ്ങിയവർ നേതൃപ്രവർത്തനവുമായി പ്രദേശത്തു തുടരുന്നു.

ഖനന പ്രവർത്തനം 
നിരോധിക്കണം: ആനാവൂർ

ശാസ്താംപാറയിലും സമീപത്തുമുള്ള ഖനന പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ശാസ്താം പാറയ്‌ക്ക് സമീപമുണ്ടായ മണ്ണിടിച്ചിൽ വൻ ദുരന്തത്തിന്റെ മുന്നോടിയാണ്.
ഖനന പ്രവർത്തനങ്ങളുടെ ആഘാതം പ്രദേശത്തെ സുരക്ഷിതമായ ജീവിതത്തിന് തടസ്സമാണ്. ക്വാറികൾ സുരക്ഷിത നിയമങ്ങളും പാലിക്കാൻ തയ്യാറാകുന്നില്ല.
ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഖനനം തുടരുന്നത്. സമീപത്തെ ക്വാറിയിൽ രണ്ടു വർഷം മുമ്പുണ്ടായ പാറയിടിച്ചിൽ ദുരന്തം നമ്മൾ മറക്കാൻ പാടില്ലെന്നും ആനാവൂർ പറഞ്ഞു. സംഭവ സ്ഥലവും ദുരിതാശ്വാസ ക്യാമ്പും അദ്ദേഹം സന്ദർശിച്ചു.

Comments
Spread the News