‘ഷിജു ഖാന്‍ നിയമം ലംഘിച്ച് ഒന്നും ചെയ്തിട്ടില്ല’; പിന്തുണച്ച് സിപിഐഎം

തിരുവനന്തപുരത്ത് അമ്മയില്‍ നിന്നും കുഞ്ഞിനെ വേര്‍പ്പെടുത്തി ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെ പിന്തുണച്ച് സിപിഐഎം. ഷിജു ഖാന്‍ നിയമപ്രകാരം ചെയ്യാനുള്ള കാര്യങ്ങളാണ് ചെയ്തതെന്നും എന്നാല്‍ ചിലത് തുറന്നുപറയാന്‍ പരിമിധിയുള്ളതിനാല്‍ എല്ലാവരും വേട്ടയാടുകയാണെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു. കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് ലഭിച്ച് ആറോ ഏഴോ മാസത്തിന് ശേഷമാണ് ദത്ത് നടപടികള്‍ നടക്കുന്നതെന്നും ഈ വേളയില്‍ പരാതി ലഭിക്കാത്തതിനാല്‍ തന്നെ, ഷിജുഖാന് മേല്‍ കുറ്റം ചുമത്താന്‍ കഴിയില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ‘ഷിജുഖാന്‍ നിയപ്രകാരമുള്ള കാര്യങ്ങള്‍ ചെയ്തു. എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ ഷിജുഖാന് സാധിക്കില്ല എന്ന കാര്യം മുന്‍ നിര്‍ത്തി എല്ലാവരും വേട്ടയാടുന്നു. കുഞ്ഞിനെ കട്ടോണ്ട് പോയി എന്ന് പറഞ്ഞ അനുപമ തന്നെ ശിശു ക്ഷേമ സമതിയില്‍ കുഞ്ഞിനെ എത്തിച്ചതാണ് എന്ന് മൊഴി നല്‍കി. അമ്മയെ ഒരു സ്ഥലത്ത് പൂട്ടിയിട്ടു എന്നാണ് അനുപമ അവകാശപ്പെടുന്നത്. അതിന്റെ ശെരിയായ കാര്യം അറിയില്ല. കുഞ്ഞിന്റെ അച്ഛനെ ആരും പൂട്ടിയിട്ടില്ല. 6,7 മാസത്തിനു ശേഷമാണു ദത്ത് നടപടികള്‍ നടക്കുന്നത്. ഈ വേളയില്‍ പരാതിയുമായി ആരും എത്തിയിട്ടില്ല. അതിനാല്‍ ഷിജുഖന് മേല്‍ കുറ്റം ചുമതാന്‍ കഴിയില്ല. മറ്റ് നടപടിക്രമങ്ങള്‍ വെളിപ്പെടുത്താന്‍ ഷിജുഖാന് സാധിക്കില്ല. ഷിജുഖാന്‍ നിയപരമല്ലാതെ ഒന്നും ചെയ്തിട്ടില്ല.’ ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഷിജു ഖാനെ വനിത ശിശു വികസന ഡയറക്ടര്‍ വിളിച്ചുവരുത്തിയിരുന്നു. പൂജപ്പുരയിലെ വനിതാ ശിശു വികസന ഡയറക്ടറുടെ ഓഫീസിലെത്തിയ ഷിജു ഖാന്റെ മൊഴി രേഖപ്പെടുത്തി. അനുപമയുടെ അച്ഛന്റെ ആവശ്യപ്രകാരം ഷിജുഖാന്‍ ഇടപെട്ടാണ് ദത്ത് നടപടികള്‍ വേഗത്തിലാക്കിയതെന്നാണ് ഷിജുവിനെതിരെ ഉയര്‍ന്ന ആരോപണം. താന്‍ എല്ലാം നിയമപരമായാണ് ചെയ്തതെന്നും എല്ലാ വിഷയത്തിലും വിശദീകരണം നല്‍കിയിട്ടുണ്ടെന്നും ഔദ്യോഗിക കാരണങ്ങളായതിനാല്‍ ഇപ്പോള്‍ പറയാനാകില്ലെന്നുമായിരുന്നു ഷിജു ഖാന്റെ നിലപാട്.

Comments
Spread the News