യു പി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ 40% സീറ്റുകളില്‍ സ്ത്രീകള്‍ മത്സരിക്കും

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ആദ്യ പ്രഖ്യാപനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളില്‍ 40 ശതമാനം സീറ്റുകളില്‍ സ്ത്രീകള്‍ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി ലഖ്‌നൗവില്‍ പറഞ്ഞു. സ്ത്രീകള്‍ അധികാരത്തില്‍ പൂര്‍ണ്ണ പങ്കാളികളാകണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. അതിന്റെ ആദ്യപടിയായിരിക്കും ഈ പ്രഖ്യാപനം. ചൊവ്വാഴ്ച്ച മാധ്യമങ്ങളെ കാണവെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. രാഷ്ട്രീയത്തിലെ സ്ത്രീകള്‍ അധികാരത്തില്‍ പൂര്‍ണ്ണ പങ്കാളിയാകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. വരുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി 40 ശതമാനം സീറ്റുകളില്‍ വനിത പ്രാതിനിധ്യം ഉറപ്പിക്കും. ഇതാണ് ഞങ്ങളുടെ ആദ്യ വാഗ്ദാനം.’, പ്രിയങ്ക ഗാന്ധി പറഞ്ഞു. വനിതകള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ നല്‍കും. സംസ്ഥാനത്തെ സ്ത്രീകളെ 50ശതമാനം സീറ്റുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നീങ്ങുന്നതെന്നും പ്രിയങ്ക പറഞ്ഞു. ഉന്നാവോയിലെയും ഹത്രാസിലെയും പെണ്‍കുട്ടിക്കും, ലക്‌നൗവിലെ ദളിത് ബസ്തിയിലെ സ്ത്രീയ്ക്കും പത്രപ്രവര്‍ത്തകന്‍ രാമന്‍ കശ്യപിന്റെ മകള്‍ക്കും ഇങ്ങനെയുള്ള ഒരോരുത്തര്‍ക്കും വേണ്ടിയാണ് 40 ശതമാനം സീറ്റുകളിലും വനിതകളെ നിര്‍ത്താന്‍ തീരുമാനിച്ചതെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. സ്ത്രീകള്‍ രാഷ്ട്രിയത്തിലേക്ക് കടന്നുവരാന്‍ മടിക്കരുതെന്നും അവര്‍ക്ക് എല്ലാം മാറ്റാന്‍ കഴിയുമെന്നും പ്രിയങ്ക പറഞ്ഞു. അടുത്ത വര്‍ഷം ആദ്യം ഉത്തര്‍പ്രദേശില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയാകും പാര്‍ട്ടിയുടെ നയിക്കുകയെന്ന് ഒക്ടോബര്‍ 17 ന് കോണ്‍ഗ്രസ് നേതാവ് പി എല്‍ പുനിയ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച നിര്‍ണ്ണായ പ്രഖ്യാപനവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്.

Comments
Spread the News