ഉദ്യോഗസ്ഥയുടെ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപണം; മൂന്നാം ക്ലാസുകാരിക്കും അച്ഛനും പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ

ആറ്റിങ്ങലില്‍ പൊലീസ് ഉദ്യോഗസ്ഥയുടെ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മുന്നാം ക്ലാസുകാരിയെയും അച്ഛനെയും കള്ളന്‍മാരാക്കി പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ. തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മുന്ന് വയസുകാരിയായ മകള്‍ക്കുമാണ് മോഷണ ആരോപണത്തിന്റെ പേരില്‍ അപമാനം ഏറ്റുവാങ്ങേണ്ടിവന്നത്. പിങ്ക് പൊലീസിന്റെ കാറില്‍ നിന്നും ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പരസ്യ വിചാരണ. ഐഎസ്ആര്‍ഒയിലേക്ക് യന്ത്രവുമായി എത്തുന്ന വലിയ വാഹനം കാണാന്‍ ആറ്റിങ്ങലില്‍ എത്തിയപ്പോഴായിരുന്നു അച്ഛനും മകള്‍ക്കും ദുരനുഭവം ഉണ്ടായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫോണ്‍ വാഹനത്തില്‍ നിന്നും തന്നെ കണ്ടെത്തി. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന് തോന്നയ്ക്കല്‍ സ്വദേശി പ്രതികരിച്ചു. ഫോണ്‍ എടുത്തില്ലെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ അപമാനിച്ചു എന്നും ആക്ഷേപം ഉണ്ട്. സംഭവത്തില്‍ ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടി വേണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പിങ്ക് പൊലീസിന്റെ വാഹനത്തിന് സമീപം നിന്ന തോന്നയ്ക്കല്‍ സ്വദേശിയും മകളും ചേര്‍ന്ന് ഫോണ്‍ മോഷ്ടിച്ചെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥയുടെ ആരോപണം. എന്നാല്‍ സംഭവം നടന്നിട്ടില്ലെന്ന് ഇവരും സമീപത്ത് ഉണ്ടായിരുന്നവരും പറയുന്നുണ്ടെങ്കിലും പൊലീസ് ഉദ്യോഗസ്ഥ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയും ഭിഷണിപ്പെടുത്തുകയുമായിരുന്നു. ഇതിനിടെയാണ് ഫോണ്‍ കാറില്‍ നിന്ന് തന്നെ കണ്ടെത്തിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ, സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ഉടപെട്ടു. വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് ബാലാവകാശ കമ്മീഷന്‍ മനോജ് കുമാര്‍ വ്യക്തമാക്കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.

Comments
Spread the News