“എന്താവശ്യത്തിനും നേരിൽ വിളിക്കാം’; മരത്തിൽനിന്ന്‌ വീണ വിദ്യാർഥിയുടെ പിതാവിനോട്‌ വിവരങ്ങൾ അന്വേഷിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : കണ്ണൂരിൽ മൊബൈൽ റേഞ്ച് കിട്ടാൻ മരത്തിൽ കയറി താഴെ വീണ വിദ്യാർഥിയുടെ പിതാവിനെ ടെലഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ച് മന്ത്രി വി ശിവൻകുട്ടി. കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോളനിയിലെ പി അനന്ദു ബാബു ആണ് അപകടത്തിൽ പെട്ടത്. എന്താവശ്യത്തിനും തന്നെ നേരിൽ വിളിക്കാം എന്ന് മന്ത്രി വിദ്യാർത്ഥിയുടെ പിതാവ് ബാബുവിനെ അറിയിച്ചു.

കുട്ടി ചികിത്സയിലുള്ള പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ സൂപ്രണ്ടിനേയും മന്ത്രി ഫോണിൽ വിളിച്ചു. കുട്ടിയുടെ ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. കുട്ടിക്ക് മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് സൂപ്രണ്ട് മന്ത്രിയെ അറിയിച്ചു.

കണ്ണൂർ ജില്ലാ കളക്ടറുമായും മന്ത്രി ഫോണിൽ സംസാരിച്ചു. മൊബൈൽ റേഞ്ച് ഇല്ലാത്ത ഇടങ്ങളിൽ റേഞ്ച് എത്തിക്കാനുള്ള നടപടികൾ തുടരുകയാണെന്ന് കളക്ടർ മന്ത്രിയെ അറിയിച്ചു. കണ്ണൂർ ജില്ലയിൽ മൊത്തം 137 കേന്ദ്രങ്ങളിലാണ് നെറ്റ്വർക്ക് പ്രശ്നം അനുഭവപ്പെടുന്നതായി കണ്ടെത്തിയത്. ഇതിൽ 71 ഇടങ്ങളിൽ പ്രശ്നം പരിഹരിച്ചതായി കളക്ടർ മന്ത്രിയെ അറിയിച്ചു.

Comments
Spread the News