സൈനിക യൂണിഫോമണിഞ്ഞ് ബിജെപി കൗണ്‍സിലര്‍; പ്രോട്ടോക്കോള്‍ ലംഘനമായി ഫോട്ടോഷൂട്ട്

തിരുവനന്തപുരം : സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഫോട്ടോഷൂട്ട് നടത്തിയ ബിജെപി കൗണ്‍സിലര്‍ വെട്ടിലായി. സൈനികന്റെ യൂണിഫോം അണിഞ്ഞുള്ള ചിത്രമാണ് തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആശാ നാഥ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. എന്നാല്‍ ഇത്തരത്തില്‍ സൈനികരുടെ യൂണിഫോം മറ്റുള്ളവര്‍ ധരിക്കുന്നത് നിയമവിരുദ്ധവും പ്രോട്ടോകോള്‍ ലംഘനവുമാണ്. സൈനികനായ സഹോദരന്റെ യൂണിഫോമാണ് ധരിച്ചിരിക്കുന്നതെന്ന് ആശ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

സൈനികര്‍ അല്ലാത്തവര്‍ സൈനിക യൂണിഫോം ഉപയോഗിക്കുന്നതിനെതിരെ 2016ലും 2020ലും കരസേന പത്രക്കുറിപ്പ് ഇറക്കിയിരുന്നു. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇത് ബന്ധുക്കള്‍ക്കും ബാധകമാണെന്ന് ആ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

സംഭവം വിവാദമായതിനുശേഷം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രം ആശാ നാഥ് നീക്കം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ആശ.

Comments
Spread the News