ജനങ്ങൾക്ക് സൗജന്യമായി കോവിഡ് വാക്സിൻ ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിരുവനന്തപുരം നഗരസഭ നൽകിയ തുക തിരികെ വാങ്ങണമെന്ന് ബിജെപി കൗൺസിലർമാർ. തിരുവനന്തപുരം നഗരസഭ നൽകിയ രണ്ട് കോടി സർക്കാരിനോട് തിരികെ വാങ്ങണമെന്ന് കൗൺസിൽ യോഗത്തിലാണ് ഇവർ ആവശ്യപ്പെട്ടത്. വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കാനുള്ള ശ്രമങ്ങൾക്കെതിരെയും ഇവർ രംഗത്തെത്തി.
രണ്ട് കോടി രൂപ അനുവദിക്കുന്നതിന് മേയർ നൽകിയ മുൻകൂർ അനുമതി സാധൂകരിക്കുന്നത് പരിഗണിച്ചപ്പോഴാണ് ബിജെപിയുടെ നികൃഷ്ട മനസ്സ് ഒരിക്കൽ കൂടി പുറത്തുവന്നത്. കേന്ദ്രസർക്കാർ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുന്നുണ്ടെന്നായിരുന്നു ബിജെപി കൗൺസിലർമാരുടെ അവകാശവാദം. എന്നാൽ, സൗജന്യമായി വാക്സിൻ നൽകില്ലെന്ന് പ്രധാനമന്ത്രി ആദ്യം പ്രഖ്യാപിച്ചിരുന്നതായി എൽഡിഎഫ് കൗൺസിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇവിടെ മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ സൗജന്യമായി വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വാക്സിൻ വാങ്ങി നൽകി. ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന തുക കൃത്യമായി ചെലവഴിക്കുകയും ചെയ്യുന്നുണ്ട്. സുപ്രീംകോടതിയുടെ ഇടപെടൽ ഉണ്ടായതോടെയാണ് വാക്സിൻ സൗജന്യമായി നൽകാനുള്ള നിലപാടിലേക്ക് കേന്ദ്രം എത്തിയതെന്നും എൽഡിഎഫ് കൗൺസിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.നഗരസഭ പരിധിയിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യം നൽകാൻ ആരംഭിച്ച ഗിഫ്റ്റ് എ സ്മൈൽ പദ്ധതിയെ പിന്തുണച്ച് ജീവനക്കാർ നടത്തുന്ന മുണ്ടുചലഞ്ചിനെയും ബിജെപി കൗൺസിലർമാർ ആക്ഷേപിച്ചു. മുണ്ടു ചലഞ്ച് മണ്ടത്തരമെന്നായിരുന്നു പരിഹാസം. എന്നാൽ, ജീവനക്കാരെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അവരെ അഭിനന്ദിക്കുന്നതായും മേയർ പറഞ്ഞു.
എല്ലാ വാർഡിലും അക്ഷയകേന്ദ്രങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടർക്ക് കത്ത് നൽകാൻ കൗൺസിൽ തീരുമാനിച്ചു. പ്രധാന ഓഫീസ് കോമ്പൗണ്ടിലെ മൾടി ലെവൽ കാർ പാർക്കിങ് സംവിധാനത്തിലെ അവശേഷിക്കുന്ന പ്രവൃത്തികൾ ജൂലൈ 30നകം പൂർത്തീകരിക്കും. നഗരസഭയുടെ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മെയ് ഏഴുമുതൽ ജൂൺ 17 വരെ വാടകയിൽ ഇളവ് നൽകി.
തെളിഞ്ഞത് ദുഷ്ട മനസ്സ്, നാടിന് അപമാനം
ദുരിതാശ്വാസ നിധിയിലേക്ക് തിരുവനന്തപുരം നഗരസഭ നൽകിയ തുക തിരികെ വാങ്ങണമെന്ന ആവശ്യം ഉന്നയിച്ചതിലൂടെ തെളിഞ്ഞത് ബിജെപിയുടെ ദുഷ്ടമനസ്സ്. മഹാമാരിയിൽനിന്ന് നാടിനെ രക്ഷിക്കാനുള്ള ഉദ്യമത്തിൽ കൊച്ചുകുട്ടികൾവരെ പങ്കാളികളാകുമ്പോഴാണ് നീചമായ ആവശ്യവുമായി ബിജെപി കൗൺസിലർമാർ രംഗത്തെത്തിയത്. മേയർ അധികാര ദുർവിനിയോഗം നടത്തിയെന്നുവരെ ഇവർ ആരോപിച്ചു.
കോവിഡിനെ പ്രതിരോധിക്കാനും മലയാളികളുടെ ജീവൻ രക്ഷിക്കാനുമുള്ള ദൃഢനിശ്ചയത്തിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ വാക്സിൻ വില കൊടുത്ത് വാങ്ങാൻ തീരുമാനിച്ചത്. ഈ തീരുമാനം വന്നതിന് പിന്നാലെ നന്മയുള്ള മനസ്സുകൾ പിന്തുണയുമായി സർക്കാരിനൊപ്പം അണിനിരന്നു. 13,42,540 ഡോസ് വാക്സിൻ സംസ്ഥാന സർക്കാർ വാങ്ങി. ഇതിൽ 12,04,960 കോവിഷീൽഡും 1,37, 580 കോവാക്സിനുമാണ്.
ദുരിതാശ്വാസനിധിയിലേക്ക് നഗരസഭ നൽകിയ തുക തിരികെ വാങ്ങണമെന്ന് ബിജെപി കൗൺസിലർമാർ
Comments