“കോൺഗ്രസിനെതിരെ അമിത്‌ ഷായ്‌ക്ക്‌ മൗനം, കൂട്ടുകെട്ട്‌ വ്യക്തം’: വിചിത്ര പ്രതികരണവുമായി ചെന്നിത്തല

അമിത്‌ ഷാ കേരളത്തിൽ എത്തിയപ്പോൾ രാഹുൽ ഗാന്ധിക്കെതിരെ ഒരക്ഷരം മിണ്ടാതിരുന്നതിലൂടെ രാഷ്‌ട്രീയ കൂട്ടുകെട്ട്‌ വ്യക്തമാകുകയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. മുല്ലപ്പള്ളിക്കും ഉമ്മൻചാണ്ടിക്കും ഒപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ്‌ ചെന്നിത്തലയുടെ വിചിത്രമായ പ്രതികരണം.

രാജ്യമാകെ പ്രസംഗിച്ച്‌ നടക്കുന്ന അമിത്‌ ഷാ തിരുവനന്തപുരത്തെ പ്രസംഗത്തിലോ, പത്രസമ്മേളനത്തിലോ രാഹുൽ ഗാന്ധിക്ക്‌ എതിരെ ഒരക്ഷരം പറഞ്ഞില്ല, ലക്ഷ്യം വളരെ വ്യക്തമല്ലേ, കൂട്ടുകെട്ട്‌ വളരെ വ്യക്തമല്ലേ. അമിത് ഷായുടെ പ്രസ്‌താവനയ്‌ക്കെതിരെ കോൺഗ്രസ് നേതാക്കൾ ഒരക്ഷരം മിണ്ടിയില്ല എന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നാക്കുപിഴയാകാൻ വഴിയില്ല, കൂട്ടുകെട്ട്‌ തുറന്നുപറഞ്ഞതാകും എന്നാണ്‌ സമൂഹമാധ്യമങ്ങളിലെ പ്രതികരണം. എന്ത്‌ ഉദ്ദേശിച്ചാണ്‌ ചെന്നിത്തല സംസാരിച്ചത്‌ എന്ന്‌ മനസ്സിലാകുന്നില്ല എന്ന്‌ കോൺഗ്രസുകാർ തന്നെ പറയുന്നു. സ്വർണ്ണക്കടത്ത് കേസിൽ അമിത് ഷായും പിണറായി വിജയനും തമ്മിലെ ചോദ്യങ്ങൾ സിപിഐ എം – ബിജെപി ഒത്തുകളിയുടെ ഭാഗമായ നാടകമാണെന്ന് ആരോപിച്ച ശേഷമായിരുന്നു ചെന്നിത്തലയുടെ പരാമർശം.

Comments
Spread the News