തിരുവനന്തപുരം :വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണമെന്ന് സിബിഐ. അപകടം ആസൂത്രിതമല്ലെന്നും സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് പങ്കില്ലെന്നും കണ്ടെത്തൽ. ഡ്രൈവർ അർജുനെ പ്രതിയാക്കി തിരുവനന്തപുരം സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റമാണ് ചുമത്തിയത്. കേസിൽ ദൃക്‌സാക്ഷിയായ കലാഭവൻ സോബിക്കെതിരെയും കേസെടുത്തു. തെറ്റായ മൊഴി നൽകിയതിലും കൃത്രിമ തെളിവുകൾ ഹാജരാക്കിയതിനുമാണ് കേസ്.
അർജുന്റെ അശ്രദ്ധമായ ഡ്രൈവിങ്ങും അമിതവേഗതയുമാണ് അപകടത്തിന് കാരണം. 132 സാക്ഷിമൊഴികളും 100 രേഖകളും സിബിഐ കോടതിയിൽ സമർപ്പിച്ചു. ബാലഭാസ്‌കറിനോട് അടുത്ത ബന്ധം പുലർത്തിയിരുന്നവരും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതികളുമായ പ്രകാശ് തമ്പി, വിഷ്‌ണു എന്നിവർക്ക് അപകടത്തിൽ പങ്കില്ലെന്നും കണ്ടത്തി. നുണപരിശോധന, ഡിഎൻഎ, ക്രാഷ് ടെസ്‌റ്റ് തുടങ്ങിയ ശാസ്‌ത്രീയ തെളിവുകൾ, സാക്ഷിമൊഴികൾ, പരിക്കുകളുടെ സ്വഭാവം എന്നിവയുടെ അടിസ്ഥാനത്തിലാണ് അപകടമരണന്നെ നിഗമനത്തിൽ എത്തിയത്.
അന്വേഷണത്തിൽ തൃപ്‌തിയില്ലെന്നും കോടതിയെ സമീപിക്കുമെന്നും ബാലഭാസ്‌കറിന്റെ അച്ഛൻ കെ സി ഉണ്ണി പറഞ്ഞു. സിബിഐയുടെ മറ്റൊരു സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുമെന്നും പറഞ്ഞു. മംഗലപുരം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ബാലഭാസ്‌കറിന്റെ മാതാപിതാക്കളുടെ അപേക്ഷയെ തുടർന്ന് സംസ്ഥാന സർക്കാർ സിബിഐക്ക് വിടുകയായിരുന്നു. തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്‌പി അനന്തകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്. 2018 സെപ്‌തംബർ 25ന് കഴക്കൂട്ടം പള്ളിപ്പുറത്തായിരുന്നു അപകടം.
ബാലഭാസ്‌കറിന്റെ മകൾ തേജസ്വിനി ബാല ഉടൻ മരിച്ചു. ചികിത്സയിലിരിക്കെ ബാലഭാസ്‌കറും. ഭാര്യ ലക്ഷ്‌മിയും ഡ്രൈവർ അർജുനും രക്ഷപ്പെട്ടു. തൃശൂർവടക്കുംനാഥ ക്ഷേത്രദർശനത്തിന് ശേഷം മടങ്ങുകയായിരുന്നു കുടുംബം.