പ്രോട്ടോകോള്‍ ഓഫീസറെ കസ്റ്റംസ് ഉദ്യോഗസ്ഥൻ മര്‍ദിച്ചു; നടപടി ആവശ്യപ്പെട്ട്‌ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍

തിരുവനന്തപുരം : മൊഴിയെടുക്കാനെന്ന പേരില്‍ സെക്രട്ടേറിയറ്റിലെ അസി. പ്രോട്ടോകോള്‍ ഓഫീസറെ മര്‍ദിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിവേദനം നല്‍കി. അസോസിയേഷന്‍ പ്രവര്‍ത്തകനും പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പിലെ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസറുമായ എം എസ് ഹരികൃഷ്ണനെ മൊഴിയെടുപ്പിന് വിളിച്ചുവരുത്തി കസ്റ്റംസ് വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണര്‍ ലാലു നടത്തിയ പീഡനത്തിനെതിരെയാണ് നടപടി ആവശ്യപ്പെട്ട് നിവേദനം നല്‍കിയത്.

മൊഴിയെടുപ്പുമായി ബന്ധപ്പെട്ട് കൊച്ചി കസ്റ്റംസ് സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകാന്‍ ഹരികൃഷ്ണന് സമന്‍സ് ലഭിക്കുകയും ജനുവരി അഞ്ചിന് രാവിലെ ഒമ്പതിന് എത്തുകയും ചെയ്തു. രാവിലെ 10 മുതല്‍ രാത്രി 9.15 വരെ തുടര്‍ച്ചയായി കസ്റ്റംസ് മൊഴിയെടുത്തു. നേരത്തെ സമാന വിഷയത്തിന്മേല്‍ എന്‍ ഐ എ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. എന്‍ ഐ എ ഉദ്യോഗസ്ഥര്‍ മര്യാദയോടെയാണ് പെരുമാറിയത്. ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ കസ്റ്റംസിന്റെ സമീപനവും അതുതന്നെയാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ലാലു കൈയേറ്റം ചെയ്യുകയും ഹീനവാക്കുകളിലൂടെ മാനസിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

കാക്കനാട്ടെ ജയിലിടയ്ക്കുമെന്ന് ഭീഷണിയും മുഴക്കി. അസിസ്റ്റന്റ് കമ്മീഷണറുടെ പെരുമാറ്റം ഹരികൃഷ്ണനില്‍ കടുത്ത മാനസിക ആഘാതവും ശാരീരിക അവശതയും ഉണ്ടാക്കി.ഉദ്യോഗസ്ഥനെന്ന നിലയില്‍ നിക്ഷിപ്തമായ കടമകള്‍ കൃത്യമായി നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥനാണ് ഹരികൃഷ്ണന്‍, അന്വേഷണത്തിന്റെ പേരില്‍ അദ്ദേഹത്തിന്മേലുണ്ടായ മാനസിക പീഡനവും കയ്യേറ്റവും അംഗീകരിക്കാവുന്നതല്ല. അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പ്രത്യേകിച്ച് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ ലാലുവിന്റെ പ്രവൃത്തികളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് പി ഹണി നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Comments
Spread the News