ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയ കേന്ദ്രതീരുമാനത്തിൽ പ്രതിഷേധിച്ച് ഐഎംഎപ്രഖ്യാപിച്ച പണിമുടക്ക് പൂർണം. വെള്ളിയാഴ്ച നടത്തിയ പണിമുടക്കിൽ രോഗികൾ വലഞ്ഞു. ആശുപത്രികളിൽ ഒപികൾ പ്രവർത്തിച്ചില്ല.
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളിലുൾപ്പെടെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയായിരുന്നു പണിമുടക്ക്. കോവിഡ് ആശുപത്രിയായ കളമശ്ശേരി മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെ പണിമുടക്ക് ബാധിച്ചില്ല.
കോവിഡ്, തീവ്ര/അതിതീവ്ര പരിചരണം, ലേബർ വിഭാഗങ്ങളെയും മെഡിക്കൽ കോളേജുകളിൽ ഒരു വിഭാഗം ഒപിയെയും ഒഴിവാക്കി. പണിമുടക്കിനെപ്പറ്റി അറിയാതെയെത്തിയ രോഗികളാണ് പ്രതിസന്ധിയിലായത്. ഗുരുതര രോഗവുമായെത്തിയവർക്ക് ചികിത്സ നൽകി.
മെഡിക്കൽ കോളേജ് അധ്യാപകർ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ഒപി ബഹിഷ്കരിച്ചു. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടന്നില്ല. തിരുവനന്തപുരത്ത് പണിമുടക്കിയ ഡോക്‌ടർമാർ രാജ്‌ഭവന് മുന്നിൽ ധർണ നടത്തി. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. പി ടി സക്കറിയാസ് ഉദ്‌ഘാടനം ചെയ്തു. കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. എസ് ബിനോയ് സംസാരിച്ചു. കോഴിക്കോട് ഐഎംഎ നടത്തിയ പ്രതിഷേധത്തിൽ കെജിഎംസിടിഎ സംസ്ഥാന സെക്രട്ടറി ഡോ. നിർമൽ ഭാസ്കർ സംസാരിച്ചു.
പണിമുടക്കിൽ ബുദ്ധിമുട്ടുന്ന രോഗികൾക്കായി ആയുർവേദ വിഭാഗം ബദൽ സംവിധാനം ഒരുക്കി. വെള്ളിയാഴ്ച ആരോഗ്യ സംരക്ഷണ ദിനമായി ആചരിച്ചു. സർക്കാർ, സ്വകാര്യ ആയുർവേദ ആശുപത്രികളിൽ കൂടുതൽ സമയം ഒപി പ്രവർത്തിച്ചു. ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ (ഐഡിഎ) നേതൃത്വത്തിൽ ദന്ത ഡോക്ടർമരും വെള്ളിയാഴ്ച പണിമുടക്കി. തിരുവനന്തപുരം ജിപിഒക്ക് ഓഫീസിന് മുന്നിലും ആറ്റിങ്ങൽ പോസ്റ്റ് ഓഫീസിന് മുന്നിലും ധർണ നടത്തി.
ആറ്റിങ്ങലിൽ അടൂർ പ്രകാശ് എംപിയും തിരുവനന്തപുരത്ത് ഐഡിഎ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. ജി എസ് അഭിലാഷും ഉദ്‌ഘാടനം ചെയ്തു.
Comments