പൊതുസേവനം മാത്രമല്ല ‘ആരോഗ്യത്തിലും’ കരുതൽ ലഭിക്കുമെന്ന സന്തോഷത്തിലാണ് രണ്ട് വാർഡുകളിലെ വോട്ടർമാർ. കാരണം എന്തെന്നൊ, ഇവിടങ്ങളിൽ സ്ഥാനാർഥിയായി രംഗത്തുള്ളത് ഡോക്ടറും നേഴ്‌സുമാണ്. രണ്ട് പേരും എൽഡിഎഫ് സ്ഥാനാർഥികൾ.
തിരുവനന്തപുരം കോർപറേഷനിലെ കിണവൂർ വാർഡ് എൽഡിഎഫ് സ്ഥാനാർഥി സുരകുമാരിയെ കണ്ടാൽ നാട്ടുകാരുടെ മനസ്സിൽ ആശ്വാസത്തിന്റെ പുഞ്ചിരി വിരിയും. സാന്ത്വനത്തിന്റെ പര്യായമാണ് നാടിന് സുരകുമാരി. 29 വർഷം നേഴ്‌സായി സേവനമനുഷ്‌ഠിച്ച് ഔദ്യോഗികമായി വിരമിച്ച ശേഷവും കർമപഥത്തിൽ സജീവമാണിവർ. ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ സാന്ത്വന പരിചരണ സേനയിൽ വളന്റിയറാണ്. പാതിരിപ്പള്ളി, കിണവുർ വാർഡുകളിലെ കിടപ്പുരോഗികളെ ഉൾപ്പെടെ ശുശ്രൂഷിക്കുന്നു. കിണവൂരിൽ മാത്രം 70 കിടപ്പു രോഗികളാണ് സുരകുമാരിയുടെ നല്ലമനസ്സ് അനുഭവിച്ചറിയുന്നത്. ജോലിയിലെ ആത്മാർഥതയുടെ തെളിവാണ് തേടിയെത്തിയ പുരസ്‌കാരങ്ങൾ. 2017ൽ ആതുരസേവനത്തിനുള്ള ഫ്ലോറൻസ് നൈറ്റിങ്‌ഗേൽ പുരസ്കാരം രാഷ്ട്രപതിയിൽനിന്ന് ഏറ്റുവാങ്ങി. 2014ൽ മികച്ച നേഴ്സിനുള്ള സംസ്ഥാന പുരസ്കാരവും.
നന്ദൻകോട് വാർഡിലാണ് ഡോക്ടർ സ്ഥാനാർഥിയായി രംഗത്തുള്ളത്. ദന്ത ഡോക്ടറായ റീനയാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി. ഡോക്ടറെന്ന പരിഗണനയും സ്‌നേഹവും വോട്ടർമാരിൽനിന്ന് ഇതിനകം ലഭിക്കുന്നുണ്ട്. തൃശൂർ പിഎസ്എം ഡെന്റൽ കോളേജിലാണ് പഠിച്ചത്. നളന്ദ ജങ്‌ഷനിലാണ് താമസം. എൽഡിഎഫിന്റെ യുവസ്ഥാനാർഥികളിൽ ഒരാളാണ് മുപ്പതുകാരിയായ റീന. പൊതുരംഗത്തും സന്നദ്ധപ്രവർത്തനങ്ങളിലും സജീവമാണ്.
Comments