“ശങ്ക” യ്ക്ക് സ്മാർട്ട് പരിഹാരം

‘ശങ്ക’ യ്‌ക്കും പരിഹാരമൊരുക്കി തിരുവനന്തപുരം നഗരസഭ. പേരിനൊന്ന്‌ ഇടപെട്ട്‌ എന്തെങ്കിലും കാട്ടിക്കൂട്ടുകയല്ല ചെയ്‌തത്‌. ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡേഴ്‌സ്‌ എന്നീ വിഭാഗങ്ങളെയും പ്രത്യേകം പരിഗണിച്ച്‌ എല്ലാവർക്കും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ കഴിയും വിധം പൊതുശൗചാലയങ്ങൾ നിർമിച്ചു. നിലവിലുള്ളവ നവീകരിക്കുകയും ചെയ്‌തു.
ഇക്കാര്യത്തിലും നഗരസഭയ്‌ക്ക്‌ നൂറിൽ നൂറാണ്‌ മാർക്ക്‌. മൂക്ക്‌ പൊത്താതെ കയറാൻ കഴിയുന്ന ശൗചാലയങ്ങൾ  വികസനത്തിന്റെ യഥാർഥ അളവുകോലുകളിൽ ഒന്നാണ്‌. ഇത്‌ മനസ്സിലാക്കിയാണ്‌ പൊതുജന സൗഹൃദ ശൗചാലയങ്ങൾ നിർമിച്ച്‌ വികസനത്തിന്റെ മാറ്റ്‌ കൂട്ടിയത്‌. നഗരസഭയുടെ നേതൃത്വത്തിൽ പുതിയത്‌ നിർമിച്ചപ്പോൾ സ്‌മാർട്ട്‌‌ സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി  നിലവിലുള്ളതിൽ ആറെണ്ണം നവീകരിക്കുകയും ചെയ്‌തു‌. നഗരസഭാ പരിധിയിൽ  12 ശൗചാലയങ്ങളാണ്‌ പുതുതായി ഒരുക്കിയത്‌. ഭിന്നശേഷിക്കാർക്കായി പ്രത്യേക റാമ്പ്‌ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയാണ്‌ പുതിയ കെട്ടിടങ്ങൾ തയ്യാറാക്കിയത്‌. വഴുതക്കാട്‌, മണക്കാട്‌, കഴക്കൂട്ടം തുടങ്ങിയ പ്രധാന ഇടങ്ങളിൽ എല്ലാം നിർമിച്ചു.
പുത്തരിക്കണ്ടം മൈതാനം, കോർപറേഷൻ ഓഫീസ്‌, തമ്പാനൂർ സുലഭ്‌ കംഫർട്ട്‌ സ്‌റ്റേഷൻ, തമ്പാനൂർ സെൻട്രൽ ബസ്‌ സ്‌റ്റേഷൻ എന്നിവിടങ്ങളിലെ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയായി. ഇവയും ഭിന്നശേഷി സൗഹൃദമായാണ്‌. ഏറ്റവും മികച്ച രീതിയിൽ നഗരസഭ ഒരുക്കിയ ശൗചാലയത്തിന്‌ ഉദാഹരണമാണ്‌ തമ്പാനൂരിലേത്‌.
തമ്പാനൂരിലെ സുലഭ്‌ കംഫർട്ട്‌ സ്‌റ്റേഷൻ നവീകരിച്ച്‌, വൃത്തിയായി സൂക്ഷിക്കുന്നതിനും മേൽനോട്ടത്തിനും ജീവനക്കാരെയും ഉറപ്പാക്കി.

 

Comments
Spread the News