നവോത്ഥാന നായകരുടെ പാദസ്പർശമേറ്റ ചെമ്പഴന്തിയുടെ വികസനത്തിന് കുതിപ്പേകി എൽഡിഎഫ് സർക്കാർ. ശ്രീനാരായണഗുരുവിന്റെ ജന്മംകൊണ്ട് ശ്രദ്ധേയമായ ചെമ്പഴന്തി ഗുരുകുലത്തിൽ വിനോദ സഞ്ചാരവകുപ്പ് നിർമിക്കുന്ന ചരിത്ര മ്യൂസിയവും കൺവൻഷൻ സെന്ററും പൂർത്തീകരിച്ചുവരികയാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വരുന്ന സഞ്ചാരികൾക്കും ഭക്തർക്കും ഗുരുദേവന്റെ ജീവിത ചരിത്രം പഠിക്കാനുള്ള സൗകര്യത്തോടെയാണ് മ്യൂസിയത്തിന്റെ നിർമാണം പുരോഗമിക്കുന്നത്.
അണിയൂരിൽ പിൽഗ്രിം അമിനിറ്റി സെന്റർ
ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും സംഗമിച്ച അണിയൂർ ക്ഷേത്രത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനും നവോത്ഥാന ചരിത്രം ലോകത്തിന് പകരാനുമായി ടൂറിസം വകുപ്പ് മൂന്നു കോടി മുടക്കി പിൽഗ്രിം അമിനിറ്റി സെന്റർ നിർമിച്ചു. 6180 സ്ക്വയർ ഫീറ്റിൽ അമിനിറ്റി സെന്റർ, പൗരാണിക രീതിയിൽ നിർമിച്ച കുളം, ഓഫീസ് കെട്ടിടം എന്നിവയാണ് നിർമിച്ചത്.
ഇവിടെ എത്തുന്നവർക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനും സൗകര്യമൊരുക്കി.
ശ്രീകാര്യം ഗവ. എച്ച്എസ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്
ശ്രീകാര്യം ഗവ. ഹൈസ്കൂൾ മികവിന്റെ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായി 9.5 കോടി രൂപയുടെ പദ്ധതികൾ ആവിഷ്കരിച്ചു. പദ്ധതിയുടെ ടെൻഡർ നടപടികൾ നടന്നുവരുന്നു.
22,134 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ ഹൈടെക് ക്ലാസ് മുറി, ടോയ്ലെറ്റ് സംവിധാനം, പഠനമുറികൾ, ലാബുകൾ എന്നിവ നിർമിക്കും.
സൂപ്പറായി റോഡുകൾ
ഗതാഗത യോഗ്യമല്ലാതായിരുന്ന റോഡുകൾ വീതികൂട്ടിയും ടാർചെയ്തും സഞ്ചാരയോഗ്യമാക്കി. അങ്കണവാടികൾ നവീകരിച്ചു. 122 കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിൽ വീട് നിർമിച്ചു നൽകി. കുളം നവീകരണം, കുടിവെള്ള പദ്ധതികൾ, മൃഗാശുപത്രി കെട്ടിടം നിർമാണം തുടങ്ങി 12 കോടിയുടെ വികസനം നടപ്പാക്കി.