വഴയില–പഴകുറ്റി നാലുവരി പാതയുടെ നിര്‍മാണം ആഗസ്‌തിൽ ആരംഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. വഴയിലമുതല്‍ പഴകുറ്റി വരെ 9.5 കിലോ മീറ്ററും പഴകുറ്റി പെട്രോള്‍ പമ്പ് ജങ്‌ഷനില്‍ നിന്നാരംഭിച്ച് കച്ചേരിനട വഴി പത്താംകല്ലുവരെയുള്ള 1.24 കിലോമീറ്ററും ഉള്‍പ്പെടുന്ന 11.240 കിലോമീറ്റര്‍ റോഡാണ് നാലുവരിയാകുന്നത്. പദ്ധതിക്കായി 928.8 കോടി രൂപ കിഫ്ബി അനുവദിച്ചു. പതിനഞ്ചു മീറ്റർ ടാറിങ്ങും മധ്യത്തില്‍ രണ്ടു മീറ്റർ മീഡിയനും ഇരുവശങ്ങളിലുമായി രണ്ടുമീറ്റർ വീതിയില്‍ യൂട്ടിലിറ്റി സ്പേസും ഉള്‍പ്പെടെ ഇരുപത്തൊന്ന് മീറ്ററിലാണ് റോഡ് നിര്‍മിക്കുന്നത്. മൂന്ന് റീച്ചുകളിലായാണ് നിര്‍മാണം. ആദ്യ റീച്ചായി വഴയിലമുതല്‍ കെല്‍ട്രോണ്‍ ജങ്‌ഷന്‍വരെയുള്ള നാലു കിലോമീറ്റര്‍ സിവില്‍ വര്‍ക്കും കരകുളം ഫ്ലൈ ഓവറും പാലവും നിര്‍മിക്കും. ഈ പ്രവൃത്തി 129.4 കോടിക്ക് ടെൻഡര്‍ ചെയ്ത് അംഗീകാരത്തിനായി സര്‍ക്കാരിനു സമര്‍പ്പിച്ചു. ആദ്യ റീച്ചില്‍ പേരൂര്‍ക്കട, കരകുളം വില്ലേജുകളില്‍നിന്നായി 7.81 ഏക്കർ ഭൂമി ഏറ്റെടുക്കും. 201 ഭൂഉടമകള്‍ക്കുള്ള പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമായി 117.77 കോടി രൂപ വിതരണം ചെയ്തു. ബാക്കിയുള്ള 64 കുടുംബങ്ങളില്‍ 36 പേർ വസ്തുവിന്റെ രേഖകള്‍ ഹാജരാക്കിയിട്ടില്ല. ഇവർ കിഫ്ബി എല്‍എ യൂണിറ്റ് ഒന്ന് തഹസിൽദാർ ഓഫീസിൽ വസ്തുരേഖകൾ ഹാജരാക്കണം. ആദ്യ റീച്ചിനുള്ള അവശേഷിക്കുന്ന നഷ്ടപരിഹാര തുകയായ 72.79 കോടി കഴിഞ്ഞ ദിവസം കിഫ്ബി കൈമാറി. മറ്റുള്ളവര്‍ക്ക് ഈ ജൂലൈയില്‍ തുക ലഭ്യമാകും. കെല്‍ട്രോണ്‍ ജങ്‌ഷന്‍മുതൽ -വാളിക്കോട് ജങ്‌ഷന്‍വരെയാണ് രണ്ടാംറീച്ച്. അരുവിക്കര, കരകുളം, നെടുമങ്ങാട് വില്ലേജുകളിൽനിന്നായി 11.34 ഏക്കർ ഭൂമി ഏറ്റെടുക്കും. ഇതിന് 173.89 കോടി അനുവദിച്ചു. വാളിക്കോട് പഴകുറ്റി പമ്പ് ജങ്‌ഷൻ കച്ചേരി നടവഴി പതിനൊന്നാംകല്ലുവരെയാണ് മൂന്നാം റീച്ച്. 6.8 എക്കർ ഭൂമിയാണ് ഇതിൽ ഏറ്റെടുക്കുന്നത്. 322.58 കോടി അനുവദിച്ചു. ഈ റീച്ചില്‍ വ്യാപാരസ്ഥാനങ്ങള്‍ കൂടുതല്‍ ഉള്ളതിനാല്‍ സമയബന്ധിതമായും കൃത്യതയോടും വാലുവേഷനും വില നിര്‍ണയവും പുനരധിവാസ പാക്കേജും തയ്യാറാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വഴയില–പഴകുറ്റി നാലുവരിപ്പാത നിര്‍മാണം ആഗസ്‌തിൽ: മന്ത്രി
Comments