തിരുവനന്തപുരം പ്രസ്ക്ലബിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; രാധാകൃഷ്ണന് കുരുക്ക് മുറുകുന്നു ,രാധാകൃഷ്‍ണൻ മിനുട്സ് ബുക്ക് വെട്ടിത്തിരുത്തുന്ന വീഡിയോ പുറത്ത്

ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് ആരോപണത്തിന്റെ നാണക്കേടിൽ തലസ്ഥാനത്തെ മാധ്യമസമൂഹം. തിരുവനന്തപുരം പ്രസ് ക്ലബിലാണ് ലക്ഷങ്ങളുടെ വെട്ടിപ്പ് പുറത്തുവന്നിട്ടുള്ളത്. 3,68,945 രൂപ വെട്ടിച്ചതിന് പ്രസ്ക്ലബ് ഓഫീസ് സെക്രട്ടറി വിനീത് ​ഗോപാലിന്റെ പേരിലാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. ഐപിസി 408,418 വകുപ്പുകൾ പ്രകാരമാണ് കേസ്. പ്രസ്ക്ലബ് സെക്രട്ടറി കെഎൻ സാനുവിന്റെ പരാതിയിലാണ് പൊലീസ് എഫ്ഐആർ രജസിറ്റർ ചെയ്തത്. എന്നാൽ ഭാരവാഹികളെ തന്നെ കുഴപ്പത്തിലാക്കി പ്രസ്ക്ലബ് പ്രസി‍ഡന്റ് എം.രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് ആക്ഷേപം.

2022 ഏപ്രിൽ ഒന്നു മുതൽ മേയ് 22 വരെയുള്ള കാലഘട്ടത്തിൽ ക്ലബിന്റ വരുമാനത്തുകകൾ യഥാസമയം ബാങ്കിൽ അടയ്ക്കാതെ തിരിമറി നടത്തി മൂന്നരലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്നാണ് കേസ്. പണാപഹരണം പിടിക്കപ്പെട്ടപ്പോൾ ഓഫീസ് സെക്രട്ടറിയെ ബലിയാടാക്കി പ്രസ്ക്ലബ് പ്രസിഡ‍ന്റ് എം.രാധാകൃഷ്ണൻ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നാണ് തലസ്ഥാനത്തെ മാധ്യമപ്രവർത്തകർ പറയുന്നത്. പണം മോഷണ കേസിൽ പ്രതിയായ ഓഫീസ് സെക്രട്ടറി വിനീത് ​ഗോപാൽ പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ.സാനുവിന് നൽകിയ വിശദീകരണക്കത്താണ് ഈ വാദത്തിന് അടിസ്ഥാനം.

പ്രതിദിനം പതിനായിരങ്ങൾ വരുമാനമുള്ള സ്ഥാപനമാണ് തിരുവനന്തപുരം പ്രസ്ക്ലബ്. വാർത്താസമ്മേളനങ്ങൾ, ഹാൾ ബുക്കിം​ഗ് എന്നിവയാണ് പ്രധാന വരുമാന മാർ​ഗം. പ്രസ്ക്ലബിന്റെ നിയന്ത്രണത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജേർണലിസത്തിൽ നിന്നുള്ള ലക്ഷങ്ങളുടെ വരുമാനം വേറെ. ഈ വരുമാനത്തിൽ നിന്നാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. 5000 രൂപയിൽ കൂടുതൽ കൈവശം വയ്ക്കാതെ ബാങ്കിൽ നിക്ഷേപിക്കണമെന്നാണ് പ്രസ്ക്ലബിന്റെ ബൈലാ പറയുന്നത്. എന്നാൽ ഇതെല്ലാം അട്ടിമറിച്ച് ലക്ഷക്കണക്കിന് രൂപ പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ കൈവശം വയ്ക്കുന്നതിനെതിരെ ഭരണസമിതിയിൽ തന്നെ എതിർപ്പ് ഉയർന്നു. മാത്രവുമല്ല, വരുമാനമായി ലഭിക്കുന്ന തുകയിൽ കുറവുമുണ്ടായി. തുടർന്നു നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ വെട്ടിപ്പ് കണ്ടെത്തിയത്. പ്രസ്ക്ലബ് സെക്രട്ടറി സാനു ഓഫീസ് സെക്രട്ടറി വിനീത് ​ഗോപാലിനോട് വിശദീകരണം തേടി. മാധ്യമപ്രവർത്തകരെയാകെ ഞെട്ടിച്ച തട്ടിപ്പിന്റെ വിവരങ്ങളാണ് വിനീത് മറുപടിയായി നൽകിയത്.

ഓഫീസ് സെക്രട്ടറി  വിനീതിന്റെ വീശദീകരണം : 

​ദൈനംദിന വരുമാനം ഉൾപ്പെടെയുള്ളവ ബാങ്കിൽ അടയ്ക്കാതെ ക്ലബിൽ സൂക്ഷിക്കുകയാണ് പതിവ്. ഇതിൽ നിന്ന് ഏകദേശം അഞ്ചുലക്ഷത്തോളം രൂപ ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ വിവിധി ആവശ്യങ്ങൾക്കെന്നു പറഞ്ഞ് പലപ്പോഴായി കൈപ്പറ്റിയിട്ടുണ്ട്. അത് ക്ലബിന്റെ പല ചെലവുകളുടേയും അഡ്വാൻസ് ആണെന്നാണ് രാധാകൃഷ്ണൻ സാർ അറിയിച്ചിട്ടുള്ളത്. എന്നാൽ ആ തുകയ്ക്കുള്ള വൗച്ചറുകളും മറ്റും പ്രസിഡന്റ് ലഭ്യമാക്കിയിരുന്നില്ല. സെക്രട്ടറി എനിക്ക് ആദ്യം തന്ന കത്തിന്റെ അടിസ്ഥാനത്തിൽ പ്രസിഡന്റിനോട് ആവശ്യപ്പെട്ടപ്പോൾ രണ്ടു ലക്ഷത്തിലധികം രൂപ പണമായും ബാക്കി തുക “റെഡ് പിക്സൽ” എന്ന ഫ്ലെക്സ് പ്രിന്റിംഗ് സ്ഥാപനത്തിന്റെ ബില്ലായും തിരികെ തന്നു. അതിൽ‌ ഇനി 17,000 രൂപ കിട്ടാനുണ്ട്. പ്രസിഡന്റിനു നൽകിയ തുകയുടെ കണക്ക് എഴുതിയ പുസ്തകം അദ്ദേഹം വാങ്ങിവച്ചിരിക്കുകയാണ്. ആ ബുക്ക് തിരികെ ലഭിച്ചാൽ അതിന്റെ മുഴുവൻ കണക്കുകളും നോക്കി ബാക്കി തുക ബാങ്കിൽ അടയ്ക്കാൻ സാവകാശം അനുവദിക്കണം.

10 ലക്ഷത്തോളം രൂപയാണ് യഥാർഥത്തിൽ കാണാതായാതെന്നാണ് കഴിഞ്ഞ ദിവസം പ്രസ്ക്ലബ് ജനറൽ ബോഡിയിൽ ഉയർന്ന ആരോപണം. ഇത് പിടിക്കപ്പെട്ടപ്പോഴാണ് അഞ്ചു ലക്ഷത്തോളം രൂപയുടെ വ്യാജ വൗച്ചറുകൾ വച്ച് പ്രസിഡന്റ് എം.രാധാകൃഷ്ണൻ തടിയൂരാൻ ശ്രമിച്ചത്. ഇതിൽത്തന്നെ രണ്ടുലക്ഷത്തിലധികം രൂപ “റെഡ് പിക്സൽ” എന്ന ഫ്ളെക്സ് പ്രിന്റിം​ഗ് സ്ഥാപനത്തിന്റേതായിരുന്നു. ഇത് രാധാകൃഷ്ണന്റെ ബന്ധുവിന്റെ സ്ഥാപനമാണന്നാണ് സൂചന. പ്രസ് ക്ലബ് പ്രസി‍ഡന്റിന് നൽകിയ കത്തിലും പൊലീസിൽ നൽകിയ ആദ്യ മൊഴിയിലിലും ക്ലബ് പ്രസിഡൻ്റ രാധാകൃഷ്ണനാണ് പണം എടുത്തതെന്ന് വിനീത് ​ഗോപാൽ വ്യക്തമാക്കിയിരുന്നു. പിന്നീട് താനാണ് എടുത്തതെന്നും സാവകാശം നൽകിയാൽ തിരിച്ചടയ്ക്കാമെന്നും മൊഴിമാറ്റുകയായിരുന്നു. രാധാകൃഷ്ണന്റെ ഭീഷണിയെ തുടർന്നാണ് ഈ മൊഴിമാറ്റം എന്നും ആരോപണമുണ്ട്. പ്രസ്ക്ലബ് ട്രഷറർക്കും തട്ടിപ്പിൽ പങ്കുള്ളതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. ക്ലബിൽ നിന്ന് രാധാകൃഷ്ണൻ ഓരോ ദിവസവും എടുക്കുന്ന തുക വിനീത് ഒരു ഡയറിയിൽ രേഖപ്പെടുത്തിയിരുന്നു. തട്ടിപ്പ് പുറത്താകുമെന്ന് ഉറപ്പായതോടെ വിനീതിനെ ഭീഷണിപ്പെടുത്തി രാധാകൃഷ്ണൻ ഡയറി കൈക്കലാക്കി. കന്റോൺമെന്റ് പൊലീസ് അന്വേഷണം ആരംഭിക്കുകയും അടിയന്തിരമായി ഡയറി തിരിച്ചേല്പിക്കാൻ രാധാകൃഷ്ണന് അന്ത്യശാസനം നൽകുകയും ചെയ്തിരുന്നു. ഇതോടെ അപകടം മനസ്സിലായ രാധാകൃഷ്ണൻ ഡയറി തിരിച്ചേല്പിച്ചു. എന്നാൽ ഇതിലെ പല പേജുകളും കീറി മാറ്റിയിരുന്നു. ഇതിലും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാ​ഗമായി പ്രസ്ക്ലബിലെ സാമ്പത്തിക രേഖകളും പൊലീസ് പലവട്ടം പരിശോധിച്ചു കഴിഞ്ഞു.

 

രാധാകൃഷ്‍ണൻ മിനുട്സ് ബുക്ക് വെട്ടിത്തിരുത്തുന്ന വീഡിയോ പുറത്ത്

ഇതിനിടെ അന്വഷണം തീരുമാനിച്ച ഭരണസമിതി യോഗത്തിന്റെ മിനുട്സ് ബുക്ക് പ്രസിഡന്റ് തന്നെ വെട്ടിത്തിരുത്തുന്ന വീഡിയോയും പുറത്ത് വന്നു. കാലങ്ങളായി രാധാകൃഷ്ണന്റെ അടിമപ്പണി എടുക്കുന്ന ചില മാധ്യമപ്രവർത്തകരാണ് ഇതിനെല്ലാം ഒത്താശ ചെയ്യുന്നത് എന്നാണ് അറിയുന്നത്. പാറ്റൂരിൽ കോൺഗ്രസ് നേതാവിന്റെ ഫ്ളക്സ് കീറിയതും, വനിതാ മാധ്യമപ്രവർത്തകയെ വീട് കയറി ആക്രമിച്ചതും വഴിയാത്രക്കാരിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിനും രാധാകൃഷ്‌ണന്റെ പേരിൽ കേസുകളുണ്ട്. എന്നാൽ പൊലീസിന് പോലും രാധാകൃഷ്ണനെ പേടിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം ശക്തമായ സ്വാധീനം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. അതാണ് രാധാകൃഷ്‌ണനെ തൊടാൻ പോലീസിനെ തടയുന്നത് എന്നാണ് ഒരു വിഭാഗം മാധ്യമപ്രവർത്തകർ പറയുന്നത്.

Comments
Spread the News