ജീവിത സ്വപ്‌നമായ സ്വന്തം വീട്ടിൽ തന്റെ രാജ്യസേവനത്തിന്റെ ഓർമകളെ ചേർത്തുവയ്ക്കാൻ ഇനി വിഷ്‌ണു വരില്ല. ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻ വിഷ്ണു രണ്ടാഴ്ച മുമ്പാണ് ഗൃഹപ്രവേശം കഴിഞ്ഞ് തിരികെ പോയത്. ‘പനോരമ’ എന്ന് വീടിനു പേര് നൽകിയതും വിഷ്ണുവായിരുന്നു. രാജ്യസേവന ഓർമകൾക്കായി പുതിയ വീട്ടിലെ ഒരു മുറി ഒഴിച്ചിടണമെന്ന് ഭാര്യ നിഖിലയോട് പറഞ്ഞിരുന്നു. ഇനി ആ മുറിയിൽ വിഷ്‌ണുവിന്റെ ഓർമകളാകും കൂട്ടായിട്ടുണ്ടാകുക. മക്കളായ നാലാം ക്ലാസ് വിദ്യാർഥി നിർദേവും നിർവിനും (3) ഭാര്യയും ദിവസങ്ങൾക്കകം വിരമിച്ചു വരുന്ന വിഷ്ണുവിനെ കാത്തിരിക്കുകയായിരുന്നു. ചേതനയറ്റ ശരീരമായാകും തിങ്കളാഴ്‌ച പനോരമയിലേക്ക് വിഷ്‌ണു വരിക. സിആർപിഎഫിൽ കമാൻഡോ കോബ്രയായി മികച്ച പ്രവർത്തനമായിരുന്നു വിഷ്ണുവിന്റേതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ശ്രീനഗറിലേക്ക് റെജിമെന്റ് മാറ്റുന്നതിനിടയിലാണ് മൈൻ പൊട്ടിത്തെറിച്ച് രണ്ടുപേരുടെ ജീവൻ നഷ്ടമായത്. സാധനങ്ങളുമായി പോയ ട്രക്ക് ഓടിച്ചിരുന്നത് വിഷ്ണുവായിരുന്നു. 12 വർഷത്തെ രാജ്യസേവനത്തിനുശേഷം വിരമിക്കാൻ ദിവസങ്ങൾമാത്രംമായിരുന്നു ബാക്കി. വിഷ്ണുവിന്റേതടക്കം ജവാന്മാരുടെ വീരമൃത്യുവിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുശോചിച്ചു.
വിഷ്‌ണുവില്ലാതെ ‘പനോരമയിലെ ഓർമമുറി’
Comments