തൈക്കാട് മിനി ശ്മശാനം നടത്തിപ്പ് 
കോര്‍പറേഷന്‍ ഏറ്റെടുക്കും: മേയര്‍

തൈക്കാട് ശാന്തികവാടം വളപ്പിലെ മിനി ശ്മശാനത്തിന്റെ (വിറക് ശ്മശാനം) നടത്തിപ്പ് കോർപറേഷൻ ഏറ്റെടുക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ കൗൺസിൽ യോഗത്തിൽ അറിയിച്ചു. വിറക് ലഭ്യമാക്കാനുള്ള കരാർ ഉറപ്പിക്കുന്ന മുറയ്ക്ക് ഈ സാമ്പത്തികവർഷം സ്വകാര്യവ്യക്തിക്ക് നൽകിയ കരാർ റദ്ദാക്കും. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തവിധം ശ്മശാന നടത്തിപ്പ് മുന്നോട്ടുകൊണ്ടുപോകാനാണ് കോർപറേഷൻ ശ്രമിക്കുന്നത്. ഇതിന്റെ ഭാ​ഗമായിട്ടാണ് ഈ തീരുമാനമെന്നും മേയർ അറിയിച്ചു. രണ്ടു വീതം ഇലക്ട്രിക്, ഗ്യാസ് ശ്മശാനങ്ങളും വിറകിൽ പ്രവർത്തിക്കുന്ന ശ്മശാനവുമാണ് നിലവിലുള്ളത്.  ഇലക്ട്രിക്, ഗ്യാസ് ശ്മശാനങ്ങൾ കോർപറേഷൻ നേരിട്ടാണ് നടത്തുന്നത്. വിറക് ശ്മാശനത്തിന്റെ നടത്തിപ്പ് ഓരോ സാമ്പത്തികവർഷവും കരാർ നൽകുകയാണ് രീതി. 2022– 2023 സാമ്പത്തികവർഷം 11.28 ലക്ഷം രൂപയ്ക്കാണ് കരാർ നൽകിയത്. തൈക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൻകൂർ ഇലക്ട്രിക്കൽ ആൻഡ് സിവിൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിനായിരുന്നു നടത്തിപ്പ് ചുമതല. ന​ഗരത്തിലെ തെരുവുകച്ചവടക്കാർ നടപ്പാത കയ്യേറുന്നുവെന്ന വിഷയം കൗൺസിൽ ചർച്ച ചെയ്തു. തെരുവു കച്ചവടക്കാരുടെ പ്രവർത്തനങ്ങൾക്കും കടകൾക്ക് പ്രത്യേക ഘടനയും തീരുമാനിച്ച് പുനരധിവസിപ്പിക്കണമെന്ന് കൗൺസിലിൽ തീരുമാനിച്ചു. യോ​ഗത്തിൽ അവതരിപ്പിച്ച അജൻഡകളെല്ലാം പാസാക്കി.

Comments
Spread the News