മഴയിലും തോരാത്ത 
കായികശക്തി

കേരളത്തിന്റെ കായികശക്തി വിളംബരം ചെയ്ത് യുവത്വത്തിന്റെ കരുത്തറിയിച്ച് തലസ്ഥാനത്തെ ഒളിമ്പിക് റൺ. 25,000ൽ അധികം പേർ പങ്കെടുത്ത ‘ഒളിമ്പിക് ഡേ റൺ’ കനത്ത മഴയിലും നഗരത്തിന്‌ അത്ഭുതമായി.  കായികതാരങ്ങളും വിദ്യാർഥികളും വിവിധ സൈനിക വിഭാഗങ്ങളും എൻഎസിസി കേഡറ്റുകളും എൻഎസ്എസ് വളന്റിയർമാരും പൊലീസിലെ വിവിധ വിഭാഗങ്ങൾ, എക്‌സൈസ് സംഘം തുടങ്ങിയവരും ഒളിമ്പിക് റണ്ണിന്റെ ഭാഗമായി. മാനവീയം വീഥിയിൽ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി വി വേണു, യുവജനക്ഷേമ ഡയറക്ടർ പി വിഷ്ണുരാജ് തുടങ്ങിയവർ ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.  ഇന്ത്യൻ സൈന്യത്തിന്റെ ബാൻഡ് മേളം, സുംബാ ഡാൻസ് പരിശീലകരുടെ നേതൃത്വത്തിൽ നടന്ന സുംബാ നൃത്തം, ബോഡി ബിൽഡിങ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പ്രദർശനം, ജിംനാസ്റ്റിക് താരങ്ങൾ അവതരിപ്പിച്ച പ്രദർശനം എന്നിവയും ശ്രദ്ധേയമായി.  കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി സുനിൽകുമാർ, സെക്രട്ടറി എസ്‌ രാജീവ്, ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ, സായ് -എൽഎൻസിപി റീജണൽ ഹെഡ് ഡോ. ജി കിഷോർ, ഒളിമ്പ്യൻ കെ എം ബീനാമോൾ, ജസ്റ്റിസ് എം ആർ  ഹരിഹരൻ നായർ,  കെ എസ് പ്രദീപ്, എ ഭുവനേശ്വരി,  എം ആർ രഞ്ജിത്ത്, എസ് എൻ  രഘുചന്ദ്രൻ നായർ, ജോർജ് ജേക്കബ് മുത്തൂറ്റ്, എസ് എസ് സുധീർ, വിജു വർമ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Comments
Spread the News