മോഷണ സാധനങ്ങളുമായി കാറിൽ; നാട്ടുകാർ പിന്തുടർന്നതോടെ കാറുപേക്ഷിച്ച് കടന്നു

മോഷണ സാധനങ്ങളുമായി കാറില്‍ കടക്കാൻ ശ്രമിക്കുമ്പോൾ ഇന്ധനം തീർന്നു. ജെസിബിയുടെ ടാങ്ക് പൊളിച്ച് ഡീസല്‍ മോഷ്‌ടിച്ചത്‌ ഉടമ കാമറയിൽ കണ്ടു. ഇയാൾ അറിയിച്ചതനുസരിച്ച്‌ സമീപവാസികൾ എത്തിയതോടെ മരണപ്പാച്ചിൽ. ഒടുവിൽ കള്ളൻ കാറുപേക്ഷിച്ച്  ബൈക്കും കവർന്ന്‌ രക്ഷപ്പെട്ടു. ചൊവ്വ പുലര്‍ച്ചെ 4.15 ന്  കുറ്റിച്ചൽ  പരുത്തിപ്പള്ളിയിൽ ആയിരുന്നു സിനിമയെ വെല്ലുന്ന സംഭവങ്ങൾ.  കാറില്‍ മോഷണ സാധനങ്ങളുമായി എത്തിയ മോഷ്‌ടാവ്‌ ഡീസൽ തീർന്നതോടെ കുറ്റിച്ചൽ സ്വദേശി വിജീഷിന്റെ ജെസിബിയുടെ ടാങ്ക് പൊളിച്ച് ഡീസൽ ചോർത്തി. കാറിലൊഴിച്ച്‌ രക്ഷപ്പെടാൻ തുടങ്ങുമ്പോൾ മോഷണം  തത്സമയം കാമറയിൽ കണ്ട ജെസിബി ഉടമ വിവരം സുഹൃത്തുക്കളെ അറിയിച്ചു. ഇവർ പിന്തുടര്‍ന്ന്‌ പരുത്തിപ്പളളി സ്കൂളിനും ഫോറസ്റ് ഒഫീസിനും സമീപം സ്കൂട്ടര്‍ കുറുകെവച്ച്‌ കാർ തടഞ്ഞു. കഴുത്തിന്‌ പിടിച്ച്‌ പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ അമിത വേഗത്തില്‍ കാർ പായിച്ചു. സ്‌കൂട്ടർ കാറിന്റെ ബോണറ്റിലും  റേഡിയേറ്ററിലുമായി കുരുങ്ങിയെങ്കിലും പരമാവധി വേഗതയിൽ കുതിച്ചു. പ്രധാന റോഡെന്നു കരുതി സ്വകാര്യ റോഡിലേക്ക്‌ കാർ കയറ്റിയത്‌ കുരുക്കായി. ഒരുവീട്ടില്‍ വഴി അവസാനിക്കുന്നു എന്ന് മനസ്സിലാക്കി കാർ ഉപേക്ഷിച്ച്‌  മതിൽചാടി ഓടി. റോഡിൽ കണ്ട ഗ്ലാമർ ബൈക്കും കവർന്ന്‌ കടന്നു.  മോഷണം നടന്നത് നെയ്യാര്‍ഡാം സ്റ്റേഷന്‍ പരിധിയിലും കാര്‍ ഉപേക്ഷിച്ചത് കാട്ടാക്കട  സ്റ്റേ ഷന്‍ പരിധിയിലുമാണ്. രണ്ടിടത്തുനിന്നും പൊലീസെത്തി പരിശോധന നടത്തി. ക്ഷേത്രങ്ങളില്‍നിന്ന് മോഷ്ടിച്ച വിളക്ക്, കിണ്ടി, മൊന്ത, ആഭരണങ്ങൾ, മുഖം മൂടി, മൊബൈൽ, ആയുധങ്ങൾ എന്നിവ കാറിൽ കണ്ടെത്തി. കാസര്‍കോട് രജിസ്ട്രേഷനിലുളള കാറും മോഷ്ടിച്ചതാകാമെന്ന് പൊലീസ് പറഞ്ഞു.

Comments
Spread the News