വരുമാനത്തിൽ വൻ കുതിപ്പുമായി പൂജപ്പുര സെൻട്രൽ ജയിൽ. അന്തേവാസികൾക്കായി നടപ്പാക്കിയ വിവിധ പദ്ധതികൾ വിജയംകണ്ടതാണ് വരുമാനനേട്ടത്തിന് സഹായിച്ചത്. രണ്ടരവർഷംമുമ്പ് ഇന്ത്യൻ ഓയിൽ കോർപറേഷനുമായി ചേർന്ന് ജയിൽവളപ്പിൽ ആരംഭിച്ച പെട്രോൾ പമ്പിലൂടെമാത്രം 2023-–-24 സാമ്പത്തിക വർഷത്തിൽ 46.77 കോടി രൂപ വരുമാനമുണ്ടായി. ആകെ 57.18 കോടി രൂപയാണ് വരുമാനം. പമ്പിൽ ദിനംപ്രതി 10 ലക്ഷം രൂപയുടെ വിറ്റുവരവുണ്ട്. ഭക്ഷണ നിർമാണശാല, കഫറ്റീരിയ എന്നിവിടങ്ങളിൽനിന്നായി 10.25 കോടിയുടെ വാർഷികവരുമാനവുമുണ്ട്. ഭക്ഷണനിർമാണശാല, വിതരണശാല, കോഴിഫാം, ബ്യൂട്ടി പാർലർ, കൃഷി എന്നിവയാണ് പ്രധാന വരുമാനസ്രോതസ്സുകൾ. ഇതിനു പുറമെ നെയ്ത്ത്, മരപ്പണി, കാർഷികോപകരണ നിർമാണം, തയ്യൽ യൂണിറ്റ്, പ്രിന്റിങ് ആൻഡ് ബൈൻഡിങ്, സോപ്പ്, കുട, നെറ്റിപ്പട്ടം എന്നിവയുടെ നിർമാണവുമുണ്ട്. പെട്രോൾ പമ്പ്, കോഴി ഫാം, ബ്യൂട്ടി പാർലർ തുടങ്ങിയവ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ പദ്ധതികളാണ്. അന്തേവാസികൾ സ്വന്തമായി വസ്ത്രങ്ങളും കിടക്കകളും യൂണിറ്റുകളിൽ നിർമിക്കുന്നു. വിവിധ സർക്കാർവകുപ്പുകൾക്ക് ആവശ്യാനുസരണം ഫർണിച്ചറുകളും വിതരണം ചെയ്യുന്നു. കറക്‌ഷണൽ സർവീസസ് വകുപ്പുകളുടെ അന്തേവാസികൾക്കായുള്ള പുനരധിവാസ പദ്ധതിയുടെ ഭാഗമായാണിത്. ഓരോരുത്തരുടെയും താൽപ്പര്യത്തിനും അഭിരുചിക്കും അനുസരിച്ച് പരിശീലനവും തൊഴിലും നൽകുന്നു. അന്തേവാസികൾക്കുള്ള കൂലിയും സർക്കാർ വിഹിതവും നൽകിയശേഷം 1.78 കോടിയാണ് ജയിലിന്റെ കഴിഞ്ഞ വർഷത്തെ ലാഭവിഹിതം. ഈ തുക ജയിലിന്റെ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. പെട്രോൾ പമ്പിലെ ജീവനക്കാർക്ക് 170 രൂപയും ഭക്ഷണനിർമാണ ശാലകളിലും കഫറ്റീരിയകളിലും 148 രൂപയുമാണ് പ്രതിദിന വേതനം. ഇതവർക്ക് വീടുകളിലേക്ക് അയക്കുകയോ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയോ ചെയ്യാം. കൃത്യമായി പരിശീലനം കിട്ടി തൊഴിലനുഭവവും ഉള്ളതിനാൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവർക്ക് ജോലി ലഭിക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് ജയിൽ സൂപ്രണ്ട് ഡി സത്യരാജ് പറഞ്ഞു.
കുതിച്ചുയർന്ന് ജയിൽ വരുമാനം
Comments