മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവ്‌ദേക്കർറുടെ വ്യാജ അഭിമുഖം നൽകി പൊല്ലാപ്പിലായി മലയാള മനോരമ ഓൺലൈൻ. “ശോഭയ്‌ക്ക് ഈ വിവരം എവിടെനിന്ന് കിട്ടി’, “യുഡിഎഫിന്റെ 18 എംപിമാരെയും കണ്ടിട്ടുണ്ടെന്ന് ജാവദേക്കർ’ എന്നീ തലക്കെട്ടിലുള്ള അഭിമുഖങ്ങളാണ് സ്വന്തമായി നിർമിച്ച് പ്രസിദ്ധീകരിച്ചത്. ഏപ്രിൽ 29 ന് ആണ് വാർത്ത പ്രസിദ്ധീകരിച്ചത്. അഭിമുഖം വ്യാജമാണെന്ന് പ്രകാശ് ജാവ്‌ദേക്കർതന്നെ സ്ഥിരീകരിച്ച് രംഗത്തെത്തുകയായിരുന്നു.

പ്രകാശ് ജാവ്‌ദേക്കർ തങ്ങളോട് പറഞ്ഞു എന്ന് അവകാശപ്പെട്ടാണ് ലേഖകന്റെ പേര് സഹിതം മനോരമ ഒൺലൈൻ വാർത്ത പ്രസിദ്ധീകരിച്ചത്. “യുഡിഎഫിന്റെ 18 എംപിമാരെയും കണ്ടിട്ടുണ്ട്, സിപിഐ എം സിപിഐ നേതാക്കളെ കണ്ടു, ശോഭാ സുരേന്ദ്രൻ പറയുന്നത് തെറ്റായ കാര്യങ്ങൾ’ തുടങ്ങിയവ ജാവ്‌ദേക്കർ പറഞ്ഞതായി അഭിമുഖത്തിൽ ഉണ്ടായിരുന്നു.

ഒരു മലയാളം മാധ്യമങ്ങൾക്കും താൻ അഭിമുഖം നൽകിയിട്ടില്ല എന്ന് വ്യക്തമാക്കി ജാവ്‌ദേക്കർ എക്‌സ് പോസ്‌റ്റ് ഇടുകയും ചെയ്‌തു. മാധ്യമങ്ങൾ ധാർമികത കാണിക്കണമെന്നും, താൻ പറഞ്ഞകാര്യം മാത്രം നൽകണമെന്നും പോസ്‌റ്റിൽ ആവശ്യപ്പെട്ടു.
അഭിമുഖം വന്നകാര്യം ജാവ്‌ദേക്കർ അറിഞ്ഞശേഷം മനോരമയിൽ ബന്ധപ്പെട്ടതായാണ് വിവരം. നിലവിൽ രണ്ട് തലക്കെട്ടിൽ ഉള്ള വാർത്തയും മനോരമ ഓൺലൈനിൽനിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിജയത്തിൽ ജാവദേക്കറുമായുള്ള അഭിമുഖം എന്ന് പറഞ്ഞുള്ള ലിങ്ക് ഇപ്പോഴും ഉണ്ട്. എന്നാൽ തുറക്കാൻ ശ്രമിച്ചാൽ “404 error’ മാത്രമാണ് കാണാനാവുക. നിരവധി വ്യാജ വാർത്തകൾ മനോരമ പത്രത്തിലും, ഓൺലൈനിലും വരാറുണ്ടെങ്കിലും ഒരു മുൻ കേന്ദ്രമന്ത്രിയുടെ ഇല്ലാത്ത അഭിമുഖം ഭാവനാ സൃഷ്‌ടിയായി വരുന്നത് അപൂർവമാണ്. കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ നേതാവിനെക്കുറിച്ചുള്ള വാർത്തയായതിനാലാണ് ഉടൻതന്നെ വാർത്ത പിൻവലിച്ചതും. മറ്റ് വ്യാജവാർത്തകൾ പിൻവലിക്കുകയോ തിരുത്തുകയോ ചെയ്യുന്ന പതിവ് മനോരമയിൽ ഇല്ല.