കള്ളം പൊളിഞ്ഞു; നടി റോഷ്‌നയോട് മോശമായി പെരുമാറിയതും യദു തന്നെ

മേയർ ആര്യാ രാജേന്ദ്രനോട്‌ മോശമായി പെരുമാറിയ കെഎസ്‌ആർടിസി ഡ്രൈവർ യദുവിനെതിരെ നടി റോഷ്‌നാ ആൻ റോയ്‌ ഉന്നയിച്ച പരാതി ശരിവെക്കുന്ന രേഖകൾ പുറത്ത്. റോഷ്‌നയോട് മോശമായി പെരുമാറിയെന്ന പരാതി ഉയർന്ന ദിവസം ബസ് ഓടിച്ചിരുന്നത് യദു തന്നെയായിരുന്നു.

കെഎസ്ആർടിസിയുടെ ഷെഡ്യൂൾ വിവരങ്ങളിൽ നിന്നാണ് അന്നേദിവസം ബസ് ഓടിച്ചിരുന്നത് യദു തന്നെയാണെന്ന് വ്യക്തമാവുന്നു. 2023 ജൂൺ 19നാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്ന് റോഷ്ന വ്യക്തമാക്കിയിരുന്നു.  മലപ്പുറത്തുനിന്ന് എറണാകുളത്തേക്ക് ഡ്രൈവ് ചെയ്‌തു വരുന്ന വഴി കുന്നംകുളത്തുവച്ച് ഡ്രൈവർ യദു മോശമായി സംസാരിച്ചെന്നും അപകടകരമായ രീതിയിലാണ്‌ വണ്ടി ഓടിച്ചതെന്നുമായിരുന്ന റോഷ്നയുടെ വെളിപ്പെടുത്തൽ. അന്ന് വഴിയിൽ പരിശോധന നടത്തുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ട കാര്യവും നടി പറഞ്ഞിരുന്നു.

RPE 492 ബസിന്റെ ഡ്രൈവർ യദു എൽ എച്ച്‌ ആണെന്ന്‌ തെളിയിക്കുന്ന രേഖ

എന്നാൽ തനിക്ക് ഇങ്ങനെയൊരു സംഭവം അറിയില്ലെന്നും നടി പറഞ്ഞിരിക്കുന്ന ദിവസം പ്രസ്തുത റൂട്ടിൽ താൻ സഞ്ചരിച്ചിട്ടില്ലെന്നുമുള്ള തരത്തിലായിരുന്നു യദുവിന്റെ മാധ്യമങ്ങളിലൂടെയുള്ള പ്രതികരണം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അന്ന് ബസ് ഒടിച്ചിരുന്നത് യദു തന്നെയാണെന്ന് കണ്ടെത്തിയത്.

ജൂൺ 19ന് കുന്നംകുളത്തുവച്ചാണ് സംഭവമുണ്ടായതെന്ന് നടി വ്യക്തമാക്കിയിരുന്നു. ബസിന്റെ നമ്പറും ചിത്രവുമുൾപ്പെടെ സാമൂഹ്യമാധ്യമങ്ങളിലും പങ്കുവച്ചിരുന്നു. ഷെഡ്യൂൾ വിവരങ്ങൾ പ്രകാരം ബസ് ജൂൺ 18ന് തിരുവനന്തപുരത്ത് നിന്ന് വഴിക്കടവിലേക്ക് തിരിച്ചിരുന്നു. RPE 492 എന്ന ബസാണ് യദു ഓടിച്ചിരുന്നത്. തിരികെ 19ന് തിരുവനന്തപുരത്തേക്ക് തിരിച്ചു. എന്നാൽതാൻ കുന്നംകുളം വഴി പോയിട്ടില്ലെന്നും തനിക്ക് ഓർമയില്ലെന്നുമൊക്കെയായിരുന്നു യദുവിന്റെ വാദം. ഇതാണ് ഇപ്പോൾ പൊളിഞ്ഞിരിക്കുന്നത്.  വിഷയത്തിൽ കെഎസ്ആർടിസി ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഷെഡ്യൂൾ വിവരങ്ങൾ

നടി റോഷ്‌ന പങ്കുവച്ച ചിത്രം. ചിത്രം എടുത്ത തീയതിയും സമയവും വ്യക്തമായി കാണാം.

Comments
Spread the News