നിക്ഷേപകന്റെ ആത്മഹത്യ : കോൺഗ്രസ്സ് നേതൃത്വം നൽകുന്ന ഭരണസമിതിക്കെതിരെ പ്രതിഷേധം ശക്തം

കോൺഗ്രസ്‌ നേതൃത്വത്തിലുള്ള പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപം തിരികെ നൽകാത്തതിൽ പരാതികളേറെ. മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടിയ പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന്‌ പുളിമൂട് പുത്തൻ വീട്ടിൽ സോമസാദരം ജീവനൊടുക്കിയതോടെ പ്രതിഷേധവും ശക്തമാണ്‌. സിപിഐ എം നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ യോ​ഗം ഏരിയ സെക്രട്ടറി ടി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വി ചന്ദ്രൻ, പുന്നയ്ക്കാട് ശശി, കെ ആർ രാജൻ തുടങ്ങിയവർ സംസാരിച്ചു.

നിക്ഷേപകര്‍ ആശങ്കയില്‍

കോണ്‍​ഗ്രസ് നേതൃത്വത്തിലുള്ള പെരുമ്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകര്‍ ആശങ്കയില്‍. നിരവധി പേര്‍ക്കാണ് നിക്ഷേപം തിരികെ കിട്ടാനുള്ളത്‌. പലരും ബാങ്കിനുമുന്നില്‍ പ്രതിഷേധിക്കാന്‍ തുനിഞ്ഞെങ്കിലും ഭരണസമിതിക്കാര്‍ ഇടപെട്ട് പിന്മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കാമെന്ന തെറ്റായ വാ​ഗ്ദാനവും നല്‍കിയെന്ന് നിക്ഷേപകര്‍ പറയുന്നു. റിട്ട. പ്രൊഫസറായ ഓലത്താന്നി ലിനു നിവാസിൽ ഇ വിൽസൺ നാടാർ വിരമിച്ചശേഷം 15 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്‌. ‘പല തവണയായി കുറേശ്ശ ലഭിച്ചു. ഭാര്യ കനകവല്ലിയുടെയും പേരിലുള്ള നിക്ഷേപമായ എട്ട് ലക്ഷം കിട്ടാനുണ്ട്. ഓലത്താന്നിയിലെ ശാഖയ്ക്ക് മുന്നിൽ സത്യ​ഗ്രഹമനുഷ്ഠിക്കാൻ തീരുമാനിച്ചതാണ്‌. എന്നാല്‍, ഭരണസമിതിക്കാർ ഇടപെട്ട് പിൻവലിപ്പിക്കുകയായിരുന്നു’ –- വിൽസൺ പറഞ്ഞു. കമുകിൻകോട് സെന്റ് മേരീസ് എച്ച്എസ്എസിൽ പ്രിൻസിപ്പലായി വിരമിച്ച ഓലത്താന്നി നെസ്റ്റിൽ സ്റ്റീഫന്‌ ഒന്നര ലക്ഷം രൂപയും പലിശയും നിലവിൽ കിട്ടാനുണ്ട്. മൂന്ന് മാസം മുമ്പ്‌ ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചതിനെത്തുടർന്ന്‌ 71,000 രൂപ നൽകിയിരുന്നു. സ്റ്റീഫൻ ബാങ്കിനുമുന്നിൽ വീണ്ടും സത്യഗ്രഹമിരിക്കാനുള്ള തയ്യാറെടുപ്പിലാണ്.

അവൻ ഇങ്ങനെ 
ചെയ്യുമെന്ന്‌ കരുതിയില്ല !!!

മോൾക്ക്‌ വിവാഹാലോചനകൾ വന്നപ്പോൾ അത്യാവശ്യം പണം ബാങ്കിലുണ്ടെന്ന്‌ അവൻ പറഞ്ഞിരുന്നു. അത്‌ തിരിച്ചുകിട്ടില്ലെന്ന്‌ കരുതിയപ്പോൾ ഈ കടുംകൈ ചെയ്യുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല’’–- പെരുമ്പഴുതൂരിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഹകരണബാങ്കിൽ നിക്ഷേപത്തിട്ടിപ്പിനിരയായി ആത്മഹത്യ ചെയ്‌ത സോമസാദരത്തിന്റെ അച്ഛൻ യേശുദാസ് മാധ്യമങ്ങളോട്‌ പറഞ്ഞു. അഞ്ചുലക്ഷത്തിലേറെ രൂപ നിക്ഷേപിച്ചിരുന്നു. അത്‌ തിരികെ ചോദിച്ചപ്പോൾ ഉടൻ നൽകാനാകില്ലെന്ന്‌ പറഞ്ഞു. പിന്നീട്‌ ചില ഇടപാടുകാരുമായി പോയി ചോദിച്ചു. എന്നിട്ടും കിട്ടാതായതോടെയാണ്‌ വിഷം കഴിച്ചതെന്ന്‌ ബന്ധുക്കൾ പറയുന്നു. പണം തിരികെ ചോദിച്ചപ്പോൾ സോമസാദരത്തിനെ അധികൃതർ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അച്ഛൻ യേശുദാസ് ആരോപിക്കുന്നു. ബാങ്കുകാർ പറയുന്ന ദിവസങ്ങളിലെല്ലാം പോകും. പക്ഷേ, തിരികെ കൊടുത്തിരുന്നില്ല. അവർ ഭീഷണിപ്പെടുത്തിയതോടെ മനോവിഷമത്തിലായി. തുടർന്നാണ്‌ ആത്മഹത്യ ചെയ്തതെന്നും യേശുദാസ്‌ പറയുന്നു. സോമസാദരത്തെപ്പോലെ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാത്ത നിരവധി നിക്ഷേപകരുണ്ട്‌. ഇവർക്ക്‌ ആയിരവും രണ്ടായിരവുമൊക്കെയായിട്ടാണ്‌ തിരിച്ചുനൽകുന്നതെന്നും പരാതിയുണ്ട്‌.

Comments
Spread the News