പ്രിയപ്പെട്ടരവിയേട്ടൻ

മുന്നിലെത്തുന്നത്‌ മുതിർന്നവരായാലും ചെറുപ്പക്കാരായാലും അവർക്കൊപ്പം കൂട്ടുകൂടുന്നതാണ്‌ എൽഡിഎഫ്‌ തിരുവനന്തപുരം മണ്ഡലം സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ ശൈലി. സഖാവ്‌, രവിയേട്ടൻ തുടങ്ങി മനസ്സിനിണങ്ങിയപോലെ അദ്ദേഹത്തെ വിളിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്‌. ഇനി മുന്നിൽപ്പെടുന്നത്‌ കുട്ടികളാണെങ്കിലോ അദ്ദേഹം തന്നെ പറയും ‘‘പന്ന്യൻ അങ്കിളിനെ മറക്കല്ലേ’’ എന്ന്‌. വിദ്യാർഥികളോട്‌ ചങ്ങാത്തം കൂടാൻ അവസരംകിട്ടിയാൽ പഠനത്തെക്കുറിച്ച്‌ ഗൗരവമായി സംസാരിക്കും. ചെറുപ്പക്കാർ സ്‌പോർട്‌സ്‌ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണമെന്ന ഉപദേശം ഉറപ്പായും നൽകും. മുതിർന്നവരോട്‌ രാഷ്‌ട്രീയം പറയാനാണ്‌ അദ്ദേഹത്തിന്‌ താൽപ്പര്യം. വോട്ടിനുവേണ്ടിയുള്ള രാഷ്‌ട്രീയം മാത്രമല്ല, ഇന്ത്യയുടെ ഭാവി, മതേതരത്വം, രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ, ഇന്ത്യയെ നിലനിർത്താൻ ഒരു പൗരൻ ചെയ്യേണ്ടത്‌ തുടങ്ങിയവയെല്ലാം അദ്ദേഹത്തിൽനിന്ന്‌ കേൾക്കാൻ എല്ലാവർക്കും താൽപ്പര്യമാണ്‌.  ചൊവ്വാഴ്‌ച പാറശാല മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിലായിരുന്നു സന്ദർശനം. വിവിധ കലാലയങ്ങളിലെത്തിയ അദ്ദേഹം പരീക്ഷയ്‌ക്ക്‌ തയ്യാറെടുക്കുന്ന വിദ്യാർഥികളോടും പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർഥികളോടും സംവദിച്ചു. കലയും സാംസ്‌കാരികവും സ്‌പോർട്‌സും സിനിമയുമെല്ലാം യുവാക്കളുമായി ചർച്ച ചെയ്‌തു. അവർക്കു പ്രിയപ്പെട്ട രവിയേട്ടനായി സെൽഫിയുമെടുത്താണ്‌ ഓരോ കലാലയത്തിൽനിന്നും പിരിഞ്ഞത്‌.  മാരായമുട്ടം ഫാർമസി കോളേജ്, വാഴിച്ചൽ  ഇമാനുവേൽ കോളേജ്, കാരക്കോണം മെഡിക്കൽ കോളേജ്, അമ്പൂരി സ്കൂൾ,  ശ്രീചിത്രാ സ്കൂൾ, ജനാർദ്ദനപുരം ഹയർ സെക്കൻഡറി സ്കൂൾ, പെരുങ്കടവിള ബ്ലോക്ക് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, കമ്യൂണിറ്റി ഹെൽത്ത് സെന്റർ, കീഴാറൂർ മാർക്കറ്റ്, ആർസി ദേവാലയം, പശുവണ്ണറ ക്ഷേത്രം, ചെമ്പൂര് സിഎസ്‌ഐ ചർച്ച്‌, ചെമ്പൂര്‌ സാമൂഹികാരോഗ്യ കേന്ദ്രം, കുട്ടമല ക്ഷേത്രം, കുടപ്പനമൂട് ജമാഅ ത്ത്, അമ്പൂരിപള്ളി, പൂഴനാട് പള്ളി,  ആർസി ചർച്ച്, ചാമവിളപ്പുറം, കള്ളിക്കാട് ക്ഷേത്രം, വെള്ളറട കിളിയൂർ കരുണാസായി  ആശ്രമം എന്നിവിടങ്ങളിലെത്തി വോട്ട്‌ അഭ്യർഥിച്ചു. പത്മശ്രീ ഗോപിനാഥൻ നായരെയും സന്ദർശിച്ചു. എംഎൽഎ സി കെ ഹരീന്ദ്രൻ, കള്ളിക്കാട് ഗോപൻ, ഡി കെ ശശി, വാഴിച്ചൽ ഗോപൻ, എസ് അജയകുമാർ, ആനാവൂർ മണികണ്ഠൻ, സി സുന്ദരേശൻ നായർ തുടങ്ങിയവരും ഒപ്പമുണ്ടായി.

Comments
Spread the News