കടലാസില്‍ കൗതുകം സൃഷ്ടിച്ച് പഠനോപകരണനിർമാണ ശില്‍പ്പശാല നടന്നു. രക്ഷിതാക്കളുടെ കരവിരുതും സർഗാത്മകതയും സമന്വയിപ്പിച്ച് നേമം ഗവ.യുപിഎസിലാണ് രക്ഷിതാക്കൾക്കായി “ചാലകം’ എന്ന പേരിൽ ദ്വിദിന പഠനോപകരണ നിർമാണ ശില്‍പ്പശാല സംഘടിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട 30 രക്ഷിതാക്കളാണ് പങ്കെടുത്തത്. സംസ്ഥാന അധ്യാപക പുരസ്കാര ജേതാവും കാസർകോട് കൊവ്വൽ എയുപിസ്കൂളിൽനിന്ന് പ്രഥമാധ്യാപകനായി വിരമിച്ച പ്രമോദ് അടുത്തില ശില്‍പ്പശാലയ്‌ക്ക് നേതൃത്വം നൽകി. എസ്എംസി ചെയർമാൻ എസ് പ്രേംകുമാർ അധ്യക്ഷനായി. ചെലവുകുറഞ്ഞതും ചെലവില്ലാത്തതുമായ സാമഗ്രികളാണ് നിർമാണത്തിനുപയോഗിച്ചത്.
കഴിഞ്ഞ അവധിക്കാല അധ്യാപക പരിശീലനത്തിൽ വിവിധ ക്ലാസുകളിൽ പരിചയപ്പെടുത്തിയ പഠനോപകരണങ്ങളുടെ നിർമാണരീതിയും വിനിമയ സാധ്യതയും രക്ഷിതാക്കൾ പരിചയപ്പെട്ടു. വിരൽപ്പാവ, കുപ്പിപ്പാവ, കടലാസ് പാവ, കൈയുറപ്പാവ തുടങ്ങി വിവിധയിനം പാവകൾ, വർണക്കടലാസുകൾ കൊണ്ടുള്ള വിവിധയിനം കളിപ്പാട്ടങ്ങൾ, കടലാസ് പൂക്കൾ, മുഖംമൂടികൾ, ഗണിതരൂപങ്ങൾ, അബാക്കസ്, സ്ഥാനവില പോക്കറ്റുകൾ, വാഹനങ്ങളുടെ മാതൃകകൾ എന്നിവയാണ് ശില്‍പ്പശാലയില്‍ നിർമിച്ചത്. ഹെഡ് മാസ്റ്റർ എ എസ് മൻസൂർ, എസ്ആർജി കൺവീനർ കെ ബിന്ദു പോൾ, അധ്യാപകരായ എ ആർ അനൂപ്, ആർ എസ് രമ്യ, എസ് പി ഷെർലി, എസ് ബിന്ദു, ശോഭ കുമാരി, സതി കുമാരി, ബിജു, ഷീല, സ്റ്റാഫ് സെക്രട്ടറി അജയ് കുമാർ എന്നിവര്‍ സംസാരിച്ചു.
Comments