ഓണത്തിന് വീഥിയൊരുങ്ങും

ന​ഗരത്തിന്റെ ഓണാഘോഷത്തിന് പൊലിമയേകാൻ മാനവീയംവീഥി നിർമാണം വേഗത്തിലാക്കി. നടപ്പാത നിർമാണം, ടാറിങ്, കുടിവെള്ള പൈപ്പ് സ്ഥാപിക്കൽ എന്നീ പണികളാണ് തീരാനുള്ളത്. മഴയില്ലാത്തതിനാൽ‌ ടാറിങ് ജോലികൾ വേ​ഗത്തിൽ തീർക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം നടപ്പാതയിൽ കല്ലുകൾ പാകും. പൈപ്പ് സ്ഥാപിക്കൽ, വൈദ്യുതി കേബിളുകൾ ഭൂമിക്കടിയിലൂടെ ആക്കൽ തുടങ്ങിയ  പ്രവൃത്തികൾ  രാത്രിയും സജീവമാണ്.
ഓണത്തിനുമുമ്പ് സ്മാർട് റോഡ്‌ നിർമാണം പൂർത്തീകരിച്ച് ​ഗതാ​ഗത യോ​ഗ്യമാക്കുകയാണ് കോർപറേഷന്റെ സ്മാർട്സിറ്റിയുടെ ലക്ഷ്യം. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണ ചുമതല. നഗരത്തിലെ വിവിധ റോഡുകളുടെ നിലവാരം ഉയർത്തി സ്മാർ‌ട്ട് റോഡാക്കുന്ന പദ്ധതിയുടെ ഭാ​​ഗമായി രണ്ടുവർഷം മുമ്പാണ് മാനവീയം വീഥിയിൽ നിർമാണം ആരംഭിച്ചത്. മ്യൂസിയം – വെള്ളയമ്പലം റോഡിനെയും ആൽത്തറ – വഴുതക്കാട് റോഡിനെയും ബന്ധിപ്പിക്കുന്ന മാനവീയത്തെ പൂർണമായും ന​ഗരത്തിന്റെ സാംസ്കാരിക ഇടനാഴിയാക്കി മാറ്റുകയാണ് ലക്ഷ്യം.
കാൽനടയാത്രികർക്ക് പ്രധാന്യം നൽകിയാണ് നിർമാണം. ചെറിയ വാഹനങ്ങൾക്കുള്ള ​ഗതാ​ഗത സൗകര്യവും പഴയതുപോലെ തുടരും. സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കാൻ കഴിയുംവിധം തുറന്നവേദിയും ഒരുക്കിയിട്ടുണ്ട്. റോഡിന്റെ വശങ്ങളിൽ ഇരിപ്പിടവും ലൈബ്രറിയും കുടിവെള്ള സൗകര്യവും ഒരുക്കും. കൂടാതെ ഒരേമാതൃകയിലുള്ള കടകളും സജ്ജമാക്കും. ഓപ്പൺ ജിം, ലിം​ഗസൗഹാർദ ശുചിമുറി, സൈക്കിൾ പാർക്കിങ് ഏരിയ എന്നിവയും ക്രമീകരിക്കും.
Comments
Spread the News