വിവേകാനന്ദന്റെ ചിന്തകൾ ഹിന്ദുത്വത്തിന് നേർ വിപരീതമായിരുന്നെന്നും മറ്റ് മതങ്ങളെയും ചേർത്തുപിടിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എന്നും മലയാളി മാധ്യമപ്രവർത്തകന്റെ പുസ്തകം. ഗോവിന്ദ് കൃഷ്ണൻ വി എഴുതിയ വിവേകാനന്ദ ദി ഫിലോസഫർ ഓഫ് ഫ്രീഡം എന്ന പുസ്തകത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
ദേശീയവാദിയും യാഥാസ്ഥിതികനുമായ ഒരു വിവേകാനന്ദനെയാണ് ആർഎസ്എസുകാർ അവതരിപ്പിക്കുന്നത്. സംഘപരിവാരങ്ങൾ വിവേകാനന്ദന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാറില്ല. അവരുടെ പൊതുപരിപാടികളിൽ അദ്ദേഹത്തിന്റെ പേരും ചിത്രവും മാത്രമേ ഉപയോഗിക്കുകയുള്ളു.
ആർഎസ്എസ് അനുകൂല എഴുത്തുകാർ വിവേകാനന്ദന്റെ സാർവത്രികവും മതേതരവുമായ വശങ്ങളെ ഒഴിവാക്കി. പകരം ദേശീയവാദിയും യാഥാസ്ഥിതികനുമായ ഒരു വിവേകാനന്ദനെയാണ് അവർ അവതരിപ്പിക്കുന്നതെന്നും പുസ്തകത്തിൽ പറയുന്നു. സംഘപരിവാർ വിവേകാനന്ദനെ കൈയടക്കിയതിനുള്ള ഏറ്റവും നല്ല മറുമരുന്ന് അദ്ദേഹത്തിന്റെ കൃതികൾ കൂടുതൽ ആളുകൾ വായിക്കുക എന്നതാണ്.
മതേതരത്വം, ജനാധിപത്യം തുടങ്ങി ലോകം ഇന്ന് ചർച്ച ചെയ്യുന്ന മൂല്യങ്ങളെപ്പറ്റി വർഷങ്ങൾക്ക് മുമ്പുതന്നെ വിവേകാനന്ദൻ ചിന്തിച്ചിരുന്നെന്ന് പുസ്തകത്തിൽ പറയുന്നു. ശശി തരൂർ എംപി പുസ്തകം പ്രകാശിപ്പിച്ചു. ഡോ. മീന ടി പിള്ള ഏറ്റുവാങ്ങി. മുതിർന്ന മാധ്യമപ്രവർത്തകൻ എം ജി രാധാകൃഷ്ണൻ അധ്യക്ഷനായി.