റേഷൻ കടയ്‌ക്കെതിരെ പരാതി: പരിശോധിക്കാൻ മന്ത്രിയെത്തി

 

പാലോട് റേഷൻ കടയിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ പരിശോധനയ്‌ക്കെത്തിയപ്പോൾ

പാലോട് : ഗുണനിലവാരമില്ലാത്ത ഗോതമ്പ് വിതരണം ചെയ്യുന്നുവെന്ന പരാതി അന്വേഷിക്കാൻ ഭക്ഷ്യമന്ത്രി റേഷൻകടയിലെത്തി. പാലോട് എആർഡി 117-ാം നമ്പർ ലൈസൻസിക്കെതിരെ ഉപഭോക്താവ് നൽകിയ പരാതി അന്വേഷിക്കാനാണ്‌ മന്ത്രി ജി ആർ അനിൽ എത്തിയത്‌.
കടയിൽ ഗുണനിലവാരമില്ലാത്ത ഗോതമ്പ് വിതരണം ചെയ്തത്‌ ഉപഭോക്താവ്‌ ചോദ്യം ചെയ്തപ്പോൾ ‘‘വേണമെങ്കിൽ എടുത്തു കൊണ്ടുപോ’’ എന്ന്‌ ഉടമ പറഞ്ഞതായാണ്‌ പരാതി. ചൊവ്വാഴ്ച തെന്നൂരിലെ പൊതുപരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ്‌ മന്ത്രി റേഷൻകടയിലെത്തിയത്‌. വിതരണത്തിനുള്ള അരിച്ചാക്കുകളും ഗോതമ്പും പരിശോധിച്ച് ഗുണനിലവാരം ഉറപ്പു വരുത്തി. രേഖകളും പരിശോധിച്ചു.
ഉപഭോക്താക്കളോട്‌ മാന്യമായി പെരുമാറാൻ കടയുടമയെ ഉപദേശിച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത ഉൽപ്പന്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിതരണം ചെയ്യരുതെന്നും റേഷനിങ് ഉദ്യോഗസ്ഥരെ അക്കാര്യം ധരിപ്പിച്ച് ഭക്ഷ്യധാന്യം മാറ്റി വാങ്ങണമെന്നും നിർദേശിച്ചു. എല്ലാ റേഷൻ കടകളിലും വിതരണത്തിനെത്തിച്ച ഭക്ഷ്യധാന്യം ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പു വരുത്താൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയ ശേഷമാണ് മന്ത്രി മടങ്ങിയത്.
താലൂക്ക് സപ്ലൈ ഓഫീസർ ഷാജഹാൻ, റേഷനിങ് ഇൻസ്പെക്ടർമാരായ ജയകുമാർ, താജുദീൻ, സുനിത ബി നായർ, ഷംല, ഷംസുദ്ദീൻ, അനിതകുമാരി എന്നിവർ സ്ഥലത്തെത്തി. മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മുഴുവൻ കടകളിലും അടിയന്തര പരിശോധന നടത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ഷാജഹാൻ അറിയിച്ചു.

Comments
Spread the News