കഴക്കൂട്ടം : കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ സെൻട്രൽ ലബോറട്ടറിയായ ക്ലിഫിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച സെമിനാർ ഹാൾ സമുച്ചയത്തിന്റെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു. കേരള സർവകലാശാലയുടെ സ്റ്റാർട്ടപ് പ്രോജക്ടുകൾക്കുള്ള ഗ്രാന്റുകളും മന്ത്രി വിതരണം ചെയ്തു. സെമിനാർ ഹാൾ സമുച്ചയത്തിലെ മൂന്ന് ഹാൾ സി വി രാമൻ ഹാൾ, ശ്രീനിവാസ രാമാനുജൻ കോൺഫറൻസ് ഹാൾ, ജാനകിയമ്മാൾ സെമിനാർ ഹാൾ എന്നിങ്ങനെയാണ് നാമകരണം ചെയ്തത്.
200 പേർക്ക് ഇരിക്കാൻ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളുള്ളതാണ് സി വി രാമൻ ഹാൾ. 25 പേർക്ക് ഒരേസമയം പങ്കെടുക്കാൻ സാധിക്കുന്ന വീഡിയോ കോൺഫറൻസ് ഹാളാണ് ശ്രീനിവാസ രാമാനുജൻ കോൺഫറൻസ് ഹാൾ. കുറഞ്ഞത് 75 പേർക്ക് ഇരിക്കാവുന്ന, ഓൺലൈൻ സംവിധാനങ്ങൾ ഉള്ളതാണ് ജാനകിയമ്മാൾ സെമിനാർ ഹാൾ. 4.25 കോടിയോളം തുക ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.
നിലവിലള്ള 78 സ്റ്റാർട്ടപ് പ്രോജക്ടുകൾക്കാണ് ധനസഹായം നൽകിയത്. സ്റ്റാർട്ടപ് പ്രോജക്ടിനായി 43.5 ലക്ഷം രൂപയാണ് സർവകലാശാല വകയിരുത്തിയിട്ടുണ്ട്.
വൈസ് ചാൻസലർ വി പി മഹാദേവൻപിളള അധ്യക്ഷനായി. സിൻഡിക്കറ്റ് അംഗങ്ങളായ അഡ്വ. കെ എച്ച് ബാബുജാൻ, ഡോ. എസ് നസീബ്, അഡ്വ. എ അജികുമാർ, ഡോ. കെ ജി ഗോപ്ചന്ദ്രൻ, ഡോ. കെ ബി മനോജ്, പ്രൊഫ. കെ ലളിത, രഞ്ജു സുരേഷ്, ജെ ജയരാജ് , ആർ അരുൺകുമാർ, റിയാസ് വഹാബ്, സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ, ക്ലിഫ് ഡയറക്ടർ ഡോ. ജി എം നായർ, ക്യുബിക് ഡയറക്ടർ ഡോ. മനോജ് ചങ്ങാട്ട്, ഗവേഷക യൂണിയൻ ജനറൽ സെക്രട്ടറി പി കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.
ക്ലിഫ് സെമിനാർഹാൾ സമുച്ചയം തുറന്നു
Comments