ഞങ്ങളും ഓൺലൈനിലുണ്ട്‌

കോവളം : വീടുകൾ വിദ്യാലയങ്ങളാകുന്ന കാലമാണിത്‌. പഠനമെല്ലാം ഓൺലൈനിൽ. ഈ കാലത്ത്‌ സൗകര്യമില്ലാത്തതിനാൽ ഒരു കുട്ടിക്കും പഠിക്കാൻ അവസരമില്ലാതിരിക്കരുതെന്ന പദ്ധതിയിലാണ്‌ സിപിഐ എം തിരുവല്ലം ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി.
“ഞങ്ങളും ഓൺലൈനിലുണ്ട്’ പദ്ധതിയുടെ ഭാഗമായി പുഞ്ചക്കരി, പൂങ്കുളം വാർഡുകളിൽ സമ്പൂർണ ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ഇതിനായി വാർഡുകളിൽ സർവേ നടത്തി സ്‌മാർട്ട്‌ ഫോണില്ലാത്ത വിദ്യാർഥികളെ കണ്ടെത്തി.
തുടർന്ന്‌ അവർക്ക്‌ സ്മാർട്ട് ഫോൺ കൈമാറി. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പദ്ധതി ഉദ്ഘാടനം ചെയ്തു. സമ്പൂർണ ഓൺലൈൻ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനവും മൊബൈൽ ഫോൺ വിതരണവും മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.
സിനിമാ നടൻ സുധീർ കരമന മുഖ്യാതിഥിയായി. ഒരു പ്ലസ് വൺ വിദ്യാർഥിയുടെ പഠനചെലവും സിപിഐ എം തിരുവല്ലം ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഏറ്റെടുത്തു. വിദ്യാർഥിക്ക് ആവശ്യമായ പഠനോപകരണങ്ങൾ സുധീർ കരമന കൈമാറി. കെ ജി സനൽകുമാർ അധ്യക്ഷനായി. പി എസ് ഹരികുമാർ, പുല്ലുവിള സ്റ്റാൻലി, വണ്ടിത്തടം മധു, എം എം ഇബ്രാഹിം, കരിങ്കട രാജൻ, ഡി ശിവൻകുട്ടി, വി പ്രമീള, കെ എം രാജീവ്, ബി സന്തോഷ്, അനൂപ് എന്നിവർ പങ്കെടുത്തു.

Comments
Spread the News