തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തിരുവനന്തപുരം നഗരസഭയുടെ പ്രവർത്തനം മാതൃകാപരമെന്ന് മന്ത്രി വി ശിവൻകുട്ടി. നഗരസഭയ്ക്ക് അനുവദിച്ച മുഖ്യമന്ത്രിയുടെ സഹായഹസ്‌തം വായ്‌പയുടെ വിതരണോദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
വായ്‌പ അർഹർക്ക് ഉറപ്പാക്കണം. വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ കോവിഡ് കടുത്ത പ്രതിസന്ധിയുണ്ടാക്കി.
പഠനം തടസ്സമില്ലാതെ സാധ്യമാക്കാനുള്ള മാർഗങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ഊരുകളിൽ ഡിജിറ്റൽ സൗകര്യം എത്തിക്കും.- ഓൺലൈൻ പഠനം സുഗമമാക്കാൻ സർക്കാർ ഇന്റർനെറ്റ് സേവന ദാതാക്കളുടെ യോഗം വിളിച്ചിരുന്നു. അനുകൂല നിലപാടാണ് സേവനദാതാക്കൾ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷയായി. കുടുംബശ്രീക്ക് മുഖ്യമന്ത്രിയുടെ സഹായ ഹസ്‌തം പദ്ധതി കൈത്താങ്ങായി മാറുമെന്ന് മുഖ്യാതിഥിയായ മന്ത്രി ആന്റണി രാജു പറഞ്ഞു. ഡെപ്യൂട്ടി മേയർ പി കെ രാജു, ഡി ആർ അനിൽ, ജമീല ശ്രീധരൻ, ഡോ. റീന, എസ് എം ബഷീർ, ബിനു ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
കോവിഡ് പ്രതിസന്ധിയിൽ വരുമാനം നിലച്ച കുടുംബശ്രീ യൂണിറ്റുകളാണ് പദ്ധതി ഗുണഭോക്താക്കൾ. രണ്ട് ലക്ഷം രൂപവരെയാണ് വായ്പ. ഒമ്പത് ശതമാനം പലിശ സർക്കാർ സബ്‌സിഡിയാണ്. തിരിച്ചടവ് കാലാവധി മൂന്നുവർഷമാണ്.
ഊരുകളിൽ ഡിജിറ്റൽ സൗകര്യം എത്തിക്കും: മന്ത്രി
Comments