സ്‌മാർട്ടാകാൻ സിവി രാമൻ‌പിള്ള റോഡ്

ന​ഗരത്തിലെ പ്രധാന പാതകളിലൊന്നായ സിവി രാമൻപിള്ള റോഡ് ആധുനിക നിലവാരത്തിലാകുന്നു. ബിഎം ബിസി നിലവാരത്തിലുള്ള നാലുവരിപ്പാത, മണ്ണിനടിയിലൂടെ വൈദ്യുത ലൈൻ, മനോഹരമായ നടപ്പാതയും സൈക്കിൾ ട്രാക്കും എന്നിങ്ങനെ അന്താരാഷ്ട്ര നിലവാരത്തിലാണ് റോഡ് നിർമിക്കുക.  നിർമാണം ഏപ്രിലിൽ പൂർത്തിയാകും. ആൽത്തറ മുതൽ ചെന്തിട്ട വരെ സ്‌മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന റോഡിന്റെ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്. ഇരുവശവും കൈവരിയോടുകൂടിയ നടപ്പാതയിൽ കാഴ്ചപരിമിതർക്ക്  നടക്കാൻ സഹായിക്കുന്ന പ്രത്യേക തറയോടുകൾ പാകും.

സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കാൻ ആൽത്തറ മുതൽ തൈക്കാട് ഗസ്റ്റ് ഹൗസ് വരെ പ്രത്യേക പാതയുണ്ടാകും. റോഡിന്റെ നടുവിലും ഇരുവശങ്ങളിലും വഴിവിളക്കുകളും സ്ഥാപിക്കും. വൈദ്യുതിലൈനുകൾ ഉൾപ്പെടെയുള്ള എല്ലാ കേബിളുകളും മണ്ണിനടിയിലൂടെയാക്കും. കുടിവെള്ളം, ഡ്രയിനേജ് എന്നിവയ്ക്കും പ്രത്യേകം സംവിധാനമുണ്ടാകും. ഇതോടെ ഇടയ്ക്കിടെ റോഡ് വെട്ടിപ്പൊളിക്കുന്ന രീതിക്ക് അവസാനമാകും.  റോഡിന്റെ ഇരുവശത്തുമുള്ള മരങ്ങൾ സംരക്ഷണഭിത്തി കെട്ടി കേടുവരാതെ സംരക്ഷിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല.

Comments
Spread the News