മതത്തിന്റെ പേരിലെ അനാചാരങ്ങൾ സമൂഹം അംഗീകരിക്കില്ല

ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച്‌ ഞായറാഴ്ച നടന്ന പൊതുസമ്മേളനത്തിൽ കുത്തിത്തിരിപ്പിന്‌ ശ്രമിച്ച കേന്ദ്രസഹമന്ത്രി വി മുരളീധരന്‌ അതേവേദിയിൽ മറുപടി നൽകി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. ഹിന്ദുമതത്തിന്റെ പേരിലുള്ള ദുരവൃത്തിയും അനാചാരങ്ങളും അംഗീകരിക്കാനോ സനാതന ധർമത്തിന്റെ പേരുപറഞ്ഞുള്ള അന്യായങ്ങൾ ന്യായീകരിക്കാനോ കഴിയില്ലെന്ന്‌ കടകംപള്ളി പറഞ്ഞു.  ഗുരുചിന്തയാണ് ഇടതുപക്ഷ സർക്കാരിനെ മുന്നോട്ട് നയിക്കുന്നത്. ഒരു കാലത്ത് സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം ഇല്ലായിരുന്നു. അവർണ സ്ത്രീകൾക്ക്‌ മുലക്കരം കൊടുക്കേണ്ടി വന്നു. അത്തരം ചാതുർവർണ്യ വ്യവസ്ഥയുടെ ഭാഗമായിരുന്ന അനാചാരങ്ങളുടെ അടിവേരറുത്ത മഹത് വ്യക്തിത്വമായിരുന്നു ശ്രീനാരായണ ഗുരു.  ഗുരുദേവന്റെ തീർഥാടന കേന്ദ്രത്തിൽനിന്ന് ഗുരുനിന്ദ നടത്താൻ പാടില്ല.  കാവി നിറം ശിവഗിരി തീർത്ഥാടനത്തിൽ നിന്നൊഴിവാക്കിയ ഗുരുസന്ദേശം സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്‌ഘാടന പ്രസംഗത്തെ വിമർശിച്ച കേന്ദ്രമന്ത്രി വി മുരളീധരന്‌ മറുപടയായാണ് കടകംപള്ളി പ്രതികരിച്ചത്. ഒരു മതത്തിന്റെയോ ജാതിയുടെയോ ഇടമായി ശിവഗിരി മാറാൻ പാടില്ലെന്ന് ഗുരു ആഗ്രഹിച്ചു. അതുകൊണ്ടാണ് ഗുരുദേവൻ ശിവഗിരി തീർഥാടനത്തിന് എത്തുന്ന ഭക്തരുടെ വേഷം മഞ്ഞയായി നിശ്ചയിച്ചതന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ്സിനിടെ പ്രതിപക്ഷം സൃഷ്‌ടിച്ച അതിക്രമത്തെ ന്യായീകരിച്ചതിനും അദ്ദേഹം മറുപടി നൽകി. വലിയ വേഗത്തിൽ വരുന്ന ബസിനുനേരെ എടുത്തുചാടുന്നവരെ ബലംപ്രയോഗിച്ചാണെങ്കിലും പിടിച്ചുമാറ്റുന്നത് രക്ഷാപ്രവർത്തനം തന്നെയാണ്. പലസ്തീനെയും ഗാസയേയും കുറിച്ച്‌ പറഞ്ഞിട്ടും മണിപ്പൂരിനെ കുറിച്ച് എന്തുകൊണ്ട് മിണ്ടിയില്ലെന്നും കടകംപള്ളി കേന്ദ്രമന്ത്രിയോട്‌ ചോദിച്ചു. നവോത്ഥാന ചിന്തകളും നീതിയും നടപ്പിലാക്കാനാണ്‌ ഈ സർക്കാർ ശ്രമിക്കുന്നത്‌. അതിൽനിന്ന്‌ പിന്മാറുന്ന പ്രശ്നമേയില്ല. ശിവഗിരി പോലൊരു സ്ഥലത്ത് പറയാൻപാടില്ലാത്ത കാര്യങ്ങളാണ് കേന്ദ്രമന്ത്രി പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

Comments
Spread the News