രാത്രി മുഴുവൻ തുടർച്ചയായി പെയ്ത കനത്ത മഴയിൽ തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട്. തേക്കുമൂട് ബണ്ട് കോളനിയിലെ 106 വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബാംഗങ്ങളെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റി. കണ്ണൻമൂല പുത്തൻപാലത്ത് വെള്ളം കയറിയതിനെ തുടർന്ന് 45 പേരെ ക്യാംപുകളിലേക്ക് മാറ്റി. പോത്തൻകോട് കരൂർ, ടെക്നോപാർക്ക് എന്നിവിടങ്ങളിലും വെള്ളംകയറി. ചരിത്രത്തിൽ ആദ്യമായാണ് ടെക്നോപാർക്കിൽ വെള്ളം കയറുന്നത്. യത്രി ബില്‍ഡിംഗിലേക്ക് വെള്ളം കയറി. ഇവിടെ നിരവധി വാഹനങ്ങളും വെള്ളത്തിനടിയിലായെന്നാണ് റിപ്പോര്‍ട്ട്. പ്രളയ ബാധിത പ്രദേശങ്ങൾ റവന്യൂ മന്ത്രി കെ രാജൻ സന്ദർശിച്ചു. കണ്ണംമൂല, നെല്ലിക്കുഴി, ഗൗരീശപട്ടം, കല്ലിയൂർ വില്ലേജ് പൂങ്കുളം സ്ക്കൂൾ എന്നിവിടങ്ങളിലാണ് മന്ത്രി സന്ദർശനം നടത്തിയത്.
തിരുവനന്തപുരം ജില്ലയില്‍ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ താലൂക്കുകൾ കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം തുറന്നു. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും തഹസീൽദാർമാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. തിരുവനന്തപുരം ജില്ലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസിൽ പ്രവേശിക്കുവാനും ജില്ലാ കളക്ടർ നിർദേശിച്ചു. താലൂക്ക് കൺട്രോൾ റൂമുകൾ പൂർണ്ണ സജ്ജമാണെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും പൊതു ജനങ്ങൾക്ക് അടിയന്തിര സാഹചര്യമുള്ള പക്ഷം താലൂക്ക് കൺട്രോൾ റൂമുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
താലൂക്ക് കൺട്രോൾ റൂം നമ്പറുകൾ
തിരുവനന്തപുരം താലൂക്ക് 0471 2462006 9497711282
നെയ്യാറ്റിൻകര താലൂക്ക് 0471 2222227 9497711283
കാട്ടാകട താലൂക്ക് 0471 2291414 9497711284
നെടുമങ്ങാട് താലൂക്ക് 0472 2802424 9497711285
വർക്കല താലൂക്ക് 0470 2613222 9497711286
ചിറയിൻകീഴ് താലൂക്ക് 0470 2622406 9497711284
നഗരത്തിലെ നിരവധി വീടുകളിൽ വെള്ളം കയറി. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം രൂക്ഷമായ വെള്ളക്കെട്ടുണ്ട്. ഇന്ന് രാവിലെയും തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. നെയ്യാറ്റിന്‍കര, പൊന്മുടി, വര്‍ക്കല എന്നിവിടങ്ങളിലും കനത്ത മഴയാണ്. മലയോരമേഖലയില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ദേശീയപാതയിൽ നെയ്യാറ്റിൻകരയിൽ മരംകടപുഴകി വീണു ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ് സംഘം എത്തി മരം മാറ്റാനുള്ള ശ്രമം തുടങ്ങി.. പാറശാല പരശുവയ്ക്കലിൽ വീട് തകർന്ന് വീണു. ലൈഫ് പദ്ധതിയിൽ പണിതീർന്ന വീടാണ് തകർന്ന് വീണത്. പരശുവയ്ക്കൽ മലഞ്ചുറ്റ് സ്വദേശിനി സന്ധ്യയുടെ വീടാണ് തകർന്നത്. ബണ്ട് തകർന്ന് കുത്തിയൊലിച്ച വെള്ളത്തിലാണ് വീട് തകർന്നത്.
പോത്തന്‍കോട് വീടിന്റെ മതിലിടിഞ്ഞ് വീണ് യുവാവിന് പരിക്കേറ്റു. കാലിന് പരിക്കേറ്റ കല്ലുവിള സ്വദേശി അരുണിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമ്മൂട് പുല്ലമ്പാറയില്‍ മണ്ണിടിഞ്ഞു വീണ് വീടു തകര്‍ന്നു. ടെക്‌നോപാര്‍ക്ക് ഫെയ്‌സ് 3 ക്കു സമീപം തെറ്റിയാര്‍ കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറി. ഇതേത്തുടര്‍ന്ന് മൂന്നു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

മഴ
ശ്രീകാര്യത്ത് കനത്ത മഴയില്‍ സംരക്ഷണഭിത്തി തകര്‍ന്നു വീടിനു മുകളില്‍ പതിച്ചു. ഗുലാത്തി ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ പിന്‍ഭാഗത്തെ മതിലാണ് സമീപത്തെ നാല് വീടുകളുടെ മുകളിലേക്ക് ഇടിഞ്ഞുവീണത്. അപകടത്തിൽ ആര്‍ക്കും പരിക്കില്ല.
തലസ്ഥാന നഗരത്തില്‍ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടാണ്. നഗരം അടുത്തൊന്നും കാണാത്ത വെള്ളപ്പൊക്കമാണിതെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴക്കൂട്ടം പോണ്ടുകടവ്, ചാക്ക, ഗൗരീശപട്ടം, വെള്ളായണി, പാറ്റൂര്‍, കണ്ണമ്മൂല തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമായി. മണക്കാട്, ഉള്ളൂര്‍, വെള്ളായണി, പാറ്റൂര്‍ ഭാഗങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്.
ആര്യനാട് ഇറവൂർ അണക്കര തോട് നിറഞ്ഞ് കവിഞ്ഞു കൃക്ഷിയിടങ്ങളിൽ വെള്ളം കയറി. ശക്തമായ മഴയും മലമുകളിൽ നിന്നുമുള്ള നീരെഴുക്കും ആണ് വെള്ള കയറാൻ കരണം എന്നാണ് കൃക്ഷിക്കാർ പറയുന്നത്. ഇറവൂർ ഏല, കോട്ടയ്ക്കകം ഏല, കിഴക്കേ കര എന്നിവിടെങ്ങളിൽ കൃക്ഷികളെ ബാധിച്ചിരിക്കുകയാണ്.
അതേസമയം പേപ്പാറ ഡാമിന്റെ ഷട്ടറുകൾ നിലവിൽ ആകെ 10 cm ഉയർത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വലിയ അളവിൽ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ 08:30 ന് അത് 70cm കൂടി വർധിപ്പിച്ച് ആകെ 80 cm ആയി ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകൾ നിലവിൽ 30cm വീതം 120cm ഉയർത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 08:00ന് ഓരോ ഷട്ടറുകളും 40cm കൂടി(ആകെ 280cm) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിയ്ക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.