വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ആദ്യ കപ്പല്‍ എത്തിയത് കാണാനെത്തുന്നവര്‍ക്ക് വേണ്ടി സ്പെഷ്യൽ സര്‍വീസ് ഒരുക്കി കെഎസ്ആര്‍ടിസി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്ക് എത്തുവാനും തിരികെ വരുവാനും തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്. നാളെ(15/10/2023) ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ മൂന്ന് മണിവരെ തമ്പാനൂരില്‍ നിന്ന് വിഴിഞ്ഞത്തേക്കും മൂന്നു മുതല്‍ ഏഴു മണി വരെ തമ്പാനൂരിലേക്കും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തും.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ക്കും വിഴിഞ്ഞത്തേക്ക് എത്തുന്നതിന് യാത്ര സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യത്തെ കപ്പല്‍ നങ്കൂരമിട്ടു. ചൈനീസ് കപ്പൽ ഷെൻ ഹുവ 15 നെ വാട്ടർ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ചരക്കുകപ്പലായ ഷെന്‍ ഹുവ 15 വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്. ആദ്യ കപ്പൽ എത്തിയതിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികൾ ഞായറാഴ്ച വൈകിട്ട് 4ന് വിഴിഞ്ഞത്ത് നടക്കും.
കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ് സോനോവൾ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ പങ്കെടുക്കും. ഓഗസ്റ്റ് 31ന് ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പലാണ് 40 ദിവസത്തിന് ശേഷം വിഴിഞ്ഞം തീരത്തേക്ക് അടുക്കുന്നത്. കണ്ടെയ്നറുകൾ നീക്കുന്നതിനുള്ള 3 വലിയ ക്രെയിനുകളാണ് കപ്പലിൽ ഉള്ളത്. ലോകത്തെ ഏറ്റവും മികച്ച ക്രെയ്ന്‍ നിര്‍മാതാക്കളായ ഷാന്‍ഗായ് പിഎംസിയുടെ കപ്പലാണിത്. വിഴിഞ്ഞത്തിനാവശ്യമായ പ്രധാനപ്പെട്ട ക്രെയ്‌നുകളാണ് ഈ കപ്പലിലുള്ളത്. ഒരു ഷിപ്പ് ടു ഷോര്‍ ക്രെയ്ന്‍, രണ്ട് യാര്‍ഡ് ക്രെയിനുകള്‍ എന്നിവങ്ങനെയുള്ളവ.
കപ്പലില്‍ നിന്ന് യാര്‍ഡിലേക്ക് കണ്ടെയ്‌നറുകള്‍ എടുത്തു വയ്ക്കുന്നതിന് വേണ്ടിയാണ് ഷിപ്പ് ടു ക്രെയ്ന്‍. തുറമുഖത്തിനകത്തെ കണ്ടെയ്‌നര്‍ നീക്കത്തിന് വേണ്ടിയാണ് യാര്‍ഡ് ക്രെയ്‌നുകള്‍. ക്രെയ്‌നുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയാല്‍ പിന്നെ ആറ് മാസം പരീക്ഷണകാലമാണ്. ഷാന്‍ഗായ് പിഎംസിക്കാണ് ഇക്കാലളവില്‍ ക്രെയ്‌നുകളുടെ പ്രവര്‍ത്തനച്ചുമതല. പിന്നീട് അദാനി ഗ്രൂപ്പ് ഓപ്പറേഷന്‍ ചുമതല ഏറ്റെടുക്കും. 600 ജീവനക്കാര്‍ തുറമുഖത്തുണ്ടാകും. കമ്മീഷനിംഗോടെ സുരക്ഷ ചുമതല സിഐഎസ്എഫ് ഏറ്റെടുക്കും. മെയ് മാസത്തില്‍ കമ്മീഷനിംഗ് പിന്നാലെ ചരക്ക് കപ്പലുകള്‍ വിഴിഞ്ഞത്തെത്തും.