വ്യാജവാര്‍ത്തയില്‍‌ ബിജെപിയുടെ 
ഇറങ്ങിപ്പോക്ക്, പിന്നാലെ കോൺഗ്രസും

ചാനലുകളിലെ വ്യാജപ്രചാരണത്തെ കൂട്ടുപിടിച്ച് കോര്‍പറേഷന്‍ കൗണ്‍സില്‍ യോ​ഗം അലങ്കോലമാക്കാന്‍ ബിജെപിയുടെ ശ്രമം. നഗരത്തിലെ മഴക്കാലപൂർവ ശുചീകരണത്തിനുള്ള ചർച്ചയ്‌ക്കായി ചേർന്ന പ്രത്യേക യോഗത്തിലായിരുന്നു കെഎസ്‌ആർടിസി ബസ്‌ ഡ്രൈവർ യദുവിനെ വെള്ളപൂശാനുള്ള ബിജെപിയുടെ ശ്രമം. തങ്ങളുടെ വാദം തെറ്റാണെന്ന് തിരിച്ചറിഞ്ഞതോടെ ബിജെപി കൗണ്‍സിലര്‍മാര്‍ കോര്‍പറേഷന്‍ പ്രത്യേക കൗണ്‍സില്‍ ബ​ഹിഷ്കരിച്ചു.

ഏപ്രില്‍ 30ന് നടന്ന കൗണ്‍സിലില്‍ മേയര്‍ ആര്യ രാജേന്ദ്രനെ അപമാനിച്ച ഡ്രൈവര്‍ക്കെതിരെ നിയമനടപടി എടുക്കണമെന്ന ആവശ്യത്തില്‍‌ കോര്‍പറേഷന്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി എന്നായിരുന്നു ബിജെപിയുടെ ആരോപണം. എന്നാല്‍, ഇങ്ങനെയൊരു പ്രമേയം പാസാക്കിയിട്ടില്ലെന്നും ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ അവരെ തിരുത്തിയെന്നും ചാനലുകള്‍ ഇത് പിന്‍വലിച്ചതായും മേയര്‍ അറിയിച്ചു. ബിജെപി അംഗങ്ങളുടെ വാദം ശരിയെങ്കിൽ അത്‌ തെളിയിക്കാൻ മേയർ ആവശ്യപ്പെട്ടു. എന്നാല്‍, ബിജെപി കൗൺസിലർമാർ പ്രമേയം പാസാക്കിയെന്നാരോപിച്ച്‌ പ്രതിഷേധം തുടർന്നു. ഇതോടെ കൗണ്‍സിലറും ബിജെപി ജില്ലാ പ്രസിഡന്റുമായ വി വി രാജേഷ് പ്രതിഷേധത്തിൽ പങ്കെടുക്കാതെ മുങ്ങി.

പ്രതിഷേധം ഉണ്ടാകുമെന്ന് അറിയിച്ച പ്രകാരം എത്തിയ ചാനല്‍പ്പടയും ഇവര്‍ക്ക് പിന്നാലെ മടങ്ങി. ചര്‍ച്ചയ്ക്കിടെ കോൺ​ഗ്രസ് കൗൺസിലര്‍മാരും സമാനവാദം ഉന്നയിച്ച് കൗണ്‍സില്‍ ബഹിഷ്കരിച്ചു. കഴിഞ്ഞ കൗണ്‍സിലിലും ബിജെപി അംഗങ്ങൾ യദുവിനെ പിന്തുണച്ച് ഇറങ്ങിപ്പോയിരുന്നു. തുടർന്ന്‌ കോണ്‍​ഗ്രസും യോ​ഗം ബഹിഷ്കരിച്ചു. പ്രതിപക്ഷം ഇല്ലെങ്കിലും ഭൂരിപക്ഷത്തോടെ കൗണ്‍സില്‍ അജൻഡ പാസാക്കി.

Comments
Spread the News