ലൈംഗിക അധിക്ഷേപം ചോദ്യംചെയ്‌തതിന്‌ വേട്ടയാടുന്നു

ലൈംഗിക അധിക്ഷേപം ചോദ്യം ചെയ്‌തതിന്‌ തന്നെ വേട്ടയാടുകയാണെന്ന്‌ മേയർ ആര്യ രാജേന്ദ്രൻ. നടുറോഡിൽ അശ്ലീല ആംഗ്യം കാണിച്ച ഡ്രൈവർക്കെതിരെ പ്രതികരിക്കുകയാണ്‌ താൻ ചെയ്‌തതെന്നും, ഇതിൽ ഒരു തെറ്റുമില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ, സംഭവത്തിലെ ലൈംഗിക അധിക്ഷേപം എന്ന ഗുരുതരമായ ഭാഗത്തെ മാറ്റിനിർത്തി മാധ്യമങ്ങൾ വിഷയത്തെ വളച്ചൊടിക്കുകയാണ്‌. അപകടകരമായ ഡ്രൈവിങ്ങും അശ്ലീല ആംഗ്യം കാണിക്കലും കണ്ടപ്പോഴാണ്‌ പ്രതികരിച്ചത്‌. ഇത്തരം വിഷയങ്ങളിൽ അപ്പോൾ തന്നെ പ്രതികരിക്കണമെന്നാണ്‌ പഠിച്ചിട്ടുള്ളത്‌. ജനപ്രതിനിധികളും സാധാരണ മനുഷ്യരാണ്‌. ഡ്രൈവറുമായി സംസാരിക്കുന്ന ഘട്ടത്തിൽതന്നെ പൊലീസിനെ വിവരം അറിയിച്ചിരുന്നുവെന്നും ആര്യ രാജേന്ദ്രൻ ദേശാഭിമാനിയോട്‌ പറഞ്ഞു. ഇടതുപക്ഷത്തുനിന്നുള്ള ജനപ്രതിനിധികളായതിനാൽ തങ്ങളെ കുറ്റക്കാരാക്കാനാണ്‌ മാധ്യമങ്ങൾ താൽപ്പര്യം കാണിച്ചത്‌. തനിക്കെതിരായ അശ്ലീല സന്ദേശങ്ങൾക്ക്‌ ഇടയാക്കിയത്‌ ഈ വാർത്താപ്രവാഹമാണ്‌. സത്യസന്ധമായി വാർത്ത നൽകിയിരുന്നെങ്കിൽ താനും കുടുംബവും പ്രയാസം അനുഭവിക്കേണ്ടി വരില്ലായിരുന്നു. ആസൂത്രിത നീക്കമുണ്ട്‌ എന്നെ ലക്ഷ്യമിട്ട്‌ ആസൂത്രിത നീക്കം നടന്നിട്ടുണ്ടെന്നുവേണം മനസ്സിലാക്കാൻ. മെമ്മറികാർഡ്‌ നഷ്‌ടമായ സംഭവത്തിൽ കെഎസ്‌ആർടിസി ബസിന്റെ ഉത്തരവാദിത്വം ആർക്കാണ്‌. ഏതെങ്കിലും മാധ്യമം അത്‌ ചോദിക്കുന്നുണ്ടോ. അതിലൂടെ പറയാതെ പറയുന്നത്‌ ഞങ്ങളാണ്‌ തെറ്റുകാരെന്നാണ്‌, മെമ്മറികാർഡ്‌ കാണാതായതിന്‌ പിന്നിൽ ഞങ്ങളാണെന്നാണ്‌. ഈ വിഷയത്തിൽ എന്റെ പരാതിയാണ്‌ പ്രധാനം. എന്നെയും സഹോദര ഭാര്യയെയും ലൈംഗിക ചുവയോടുകൂടിയ ആംഗ്യം കാണിച്ചുവെന്നതാണ്‌ ആ പരാതി. ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ പൊതുസമൂഹത്തിൽ കൊണ്ടുവരേണ്ടത്‌ എന്റെകൂടി ആവശ്യമല്ലേ. സൈബർ ആക്രമണത്തിന്‌ 
മാധ്യമ പിന്തുണ മേയറായി ചുമതലയേറ്റെടുത്ത ഘട്ടംമുതൽ സൈബർ ആക്രമണങ്ങളുണ്ട്‌. ശൈലജ ടീച്ചർ, ചിന്ത ജെറോം, ഇടതുപക്ഷ നേതാക്കളുടെ ഭാര്യമാർ.. തുടങ്ങിയവർക്കെതിരെ എത്രയെത്ര ആക്രമണങ്ങൾ. സ്‌ത്രീകളെ ആക്രമിച്ച്‌ ഭീതിയിലാഴ്‌ത്തി രാഷ്‌ട്രീയ രംഗത്തുനിന്ന്‌ മാറ്റിനിർത്താമെന്ന്‌ കരുതുന്നവരെ ചില മാധ്യമങ്ങളും സഹായിക്കുകയാണ്‌. ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കുക മാത്രമാണ്‌ വഴി. ആരോപണം നേരിടുന്ന ഡ്രൈവർക്കെതിരെ നിരവധി പരാതികൾ ഉണ്ടെന്ന്‌ ഇപ്പോൾ പുറത്തുവരുന്നുണ്ട്‌. അതിജീവിതകൾ ശക്തമായി പ്രതികരിച്ചാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ല. മാറ്റങ്ങൾ കാണുന്നില്ല തിരുവനന്തപുരം നഗരത്തിലെ വികസന പ്രവർത്തനങ്ങൾ അംഗീകരിക്കാനോ ചർച്ചയാക്കാനോ മാധ്യമങ്ങൾക്കടക്കം പലർക്കും താൽപ്പര്യമില്ല. വിവാദങ്ങളിലാണ്‌ നോട്ടം. അതിനെയൊക്കെ മറികടന്നു പോകും. മേയറായി ചുമതലയേറ്റെടുത്തശേഷം നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത്‌ നടപ്പാക്കി. ജനപ്രതിനിധി എന്നനിലയിൽ നീതി പുലർത്താനായിട്ടുണ്ട്‌. പ്രതിസന്ധികളെ തരണം ചെയ്‌താണ്‌ മുന്നോട്ടുപോകുന്നത്‌. പക്വതയില്ലെന്ന്‌ ആവർത്തിച്ച്‌ പറഞ്ഞാൽ പക്വതയില്ലാതാകുന്നില്ല. ആരുടെയും അളവുകോല്‌ കൊണ്ടല്ല തന്റെ പക്വത അളക്കേണ്ടത്‌. അത്‌ പ്രവൃത്തിയിലൂടെ തീരുമാനിക്കണ്ടതാണെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.

Comments
Spread the News