ശമ്പളം മുടങ്ങി; കെഎസ്ആർടിസി ജീവനക്കാർ സമരത്തിലേക്ക്

ശമ്പളം മുടങ്ങിയതോടെ കെഎസ്ആർടിസി ജീവനക്കാർ സമരത്തിലേക്ക്. ജീവനക്കാർ സിഎംഡി ഓഫീസ് ഉപരോധിക്കും. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം നടത്തുക. ഐഎൻടിയുസി യൂണിയന് ഒപ്പം സിഐടിയു യൂണിയനും സമരത്തിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം.

ജൂൺ മാസത്തെ ശമ്പളമാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ലഭിക്കാനുളളത്. അതേസമയം കെഎസ്ആർടിസിക്ക് കളക്ഷൻ കുറവാണെന്ന് മാനേജ്മെന്റ് പറഞ്ഞു. സർക്കാർ സഹായം ലഭിച്ചാൽ ശമ്പളം വിതരണം ചെയ്യും. സർക്കാരിൽ നിന്ന് ഇന്ന് സഹായം ലഭിക്കുമെന്നും സിഎംഡി അറിയിച്ചു.

സർക്കാർ നൽകി വരുന്ന സഹായധനം കൈമാറാത്തതാണ് ശമ്പള വിതരണം വൈകാൻ കാരണം. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പായി ആദ്യ​ഗഡു നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. മൂന്ന് മാസം മുമ്പ് വരെ 50 കോടിയാണ് സർക്കാർ സഹായമായി നൽകിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം അത് മുപ്പത് കോടിയായി ചുരുക്കുകയായിരുന്നു. ഓണത്തിനുളള ആനുകൂല്യങ്ങൾ ഇല്ലാതാക്കാനാണ് മാനേജ്മെന്റ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് തൊഴിലാളി യൂണിയനുകൾ ആരോപിക്കുന്നത്. രണ്ട് മാസത്തെ പെൻഷനും കൊടുത്ത് തീർക്കാനുണ്ട്. പെൻഷനുമായി ബന്ധപ്പെട്ട് ജൂണിലാണ് പുതിയ കരാർ ഒപ്പുവെക്കുന്നത്. ഇത് വൈകിയതാണ് പെൻഷൻ മുടങ്ങാൻ കാരണം.

Comments
Spread the News