‘യൂത്ത് കോൺ​ഗ്രസുകാരെ അടിച്ചോടിച്ചത് ശരിയല്ല, മുഖ്യമന്ത്രിയുടേത് കവല പ്രസംഗം’; കെ സുരേന്ദ്രൻ

മുഖ്യമന്ത്രി നവകേരള സദസ്സ് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നവകേരള സദസ് ഒരു പ്രഹസനമാണ്. വില കുറഞ്ഞ രാഷ്ട്രീയ പ്രചാരണമാണ് ഇതിലൂടെ നടക്കുന്നത്. നവകേരള സദസിൽ മുഖ്യമന്ത്രിയുടേത് കവല പ്രസംഗമാണെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.

നവകേരള സദസിൽ കുറച്ച് ഉദ്യോഗസ്ഥരെ വച്ച് പരാതി വാങ്ങുന്നു. ഈ പരാതി ഓഫീസുകളിൽ വാങ്ങാവുന്നതേയുള്ളൂ. പരാതി വാങ്ങിയതിന് എന്ത് പരിഹാരം കാണുന്നുവെന്നും കെ സുരേന്ദ്രൻ ചോദിച്ചു. സർക്കാർ മിഷിനറി ഉപയോഗിച്ച് നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചരണ ജാഥയാണ് നവകേരള സദസ്. അവാസ്തവമായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അർഹമായത് നിഷേധിക്കുന്നു എന്ന് പച്ചക്കള്ളം പറയുന്നു. കേരളത്തിന്റെ അഭിമാനമാണ് ലൈഫ് പദ്ധതി എന്ന് ഇതുവരെ പറഞ്ഞു. പദ്ധതി മുടങ്ങിയപ്പോൾ പറയുന്നു കേന്ദ്രസർക്കാരാണ് ഉത്തരവാദിയെന്ന്. നവകേരള സദസ് മൂലം ജനങ്ങൾക്ക് വഴി നടക്കാനാകുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
നവകേരള സദസ് ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചതിലും കെ സുരേന്ദ്രൻ പ്രതികരിച്ചു. പ്രതിഷേധക്കാരെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല. യൂത്ത് കോൺഗ്രസുകാരെ അടിച്ചോടിച്ചത് ശരിയല്ല. ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ ആക്രമിക്കുന്നത് ശരിയല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അതേസമയം യൂത്ത് കോൺ​ഗ്രസ് തിരഞ്ഞെടുപ്പ് ക്രമക്കേട് കേസിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റായി ഇപ്പോൾ വ്യാജ അദ്ധ്യക്ഷനെയാണ് അവരോധിച്ചത്. വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണം രാജ്യദ്രോഹ കുറ്റവും ഭീകര പ്രവർത്തനവുമാണ്. വ്യാജ തിരിച്ചറിയൽ കാർഡിന്റെ പ്രഭവ കേന്ദ്രം കർണ്ണാടകയാണ്. കോൺഗ്രസുകാർ നൽകിയ വിവരങ്ങളാണ് പൊലീസിന് കൈമാറിയത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ മെല്ലെ പോക്കാണുളളതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കേരളാ ബാങ്കിൽ ലീഗ് എംഎൽഎ അംഗമായത് അഡ്ജസ്റ്റ്മെന്റിന്റെ ഭാ​ഗമായിട്ടാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Comments
Spread the News