വിനോദ സഞ്ചാരവകുപ്പിന്റെ പൂർണ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ആദ്യ വെഡ്ഡിങ് ഡെസ്റ്റിനേഷൻ കേന്ദ്രമായി ശംഖുംമുഖം. ശംഖുംമുഖം ബീച്ചിനോട് ചേർന്നുള്ള ബീച്ച് പാർക്കിലെ വെഡ്ഡിങ് ഡെസ്റ്റിനേഷൻ കേന്ദ്രം ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്ന പദ്ധതിക്ക് എല്ലാവരുടെയും സഹകരണമുണ്ടാകണമെന്നും വിനോദസഞ്ചാര മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കുന്ന പദ്ധതിയാണ് ഇതെന്നും മന്ത്രി പറഞ്ഞു. എ എ റഹിം എംപി, മേയർ ആര്യ രാജേന്ദ്രൻ, കോർപറേഷൻ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ക്ലൈനസ് റൊസാരിയോ, ശംഖുംമുഖം കൗൺസിലർ സെറാഫിൻ ഫ്രെഡി, ഡിടിപിടി സെക്രട്ടറി ശ്യാം കൃഷ്ണൻ എന്നിവർ പങ്കെടുത്തു. ലോകോത്തര ഇവന്റ് മാനേജർമാരെ ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കുന്നത്. വെഡ്ഡിങ് ഡെസ്റ്റിനേഷൻ കേന്ദ്രത്തിലെ ആദ്യ വിവാഹം 30ന് നടക്കും. ഇതിനു പുറമെ ശംഖുംമുഖവും പരിസരവും മനോഹരമാക്കുന്നതിനുള്ള സമഗ്രപദ്ധതിയും ടൂറിസംവകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. കുട്ടികൾക്കായി അമ്യൂസ്മെന്റ് പാർക്ക്, എഐ ഗെയിം സെന്റർ, ഫുഡ്പാർക്ക്, കോഫി ആൻഡ് സ്നാക്സ് സെന്റർ, ഔട്ട് ഡോർ ഗെയിം സോൺ, ത്രീഡി ലൈറ്റ് ഷോ, ഫിഷ് സ്പാ എന്നിവയും വരുന്നുണ്ട്.
ശംഖുംമുഖം വെഡ്ഡിങ് ഡെസ്റ്റിനേഷൻ നാടിന് സമർപ്പിച്ചു
Comments