നവകേരള സദസ്സ് നടത്തിപ്പിന് പണപ്പിരിവ് വേണ്ട, സ്പോൺസർമാരെ ജില്ലാഭരണകൂടം കണ്ടെത്തണം; പുതിയ മാർഗനിർദേശം

നവകേരള സദസ്സ് നടത്തിപ്പിന് കൂപ്പൺ വച്ചോ റസീപ്റ്റ് നൽകിയോ പണപ്പിരിവ് പാടില്ലന്ന് സർക്കാർ. സ്പോൺസർമാരെ ജില്ലാ ഭരണകൂടം കണ്ടെത്തണം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും താമസ സ്ഥലത്ത് ഭക്ഷണമെത്തിക്കണമെന്നും പുതിയ മാർഗ നിർദേശങ്ങളിൽ പറയുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്ന വേദിയിൽ ടവർ എസി വേണം. യാത്രയ്ക്ക് കെഎസ്ആർടിസിയുടെ പ്രത്യേക കോച്ചുകൾ വേണം. അകമ്പടിക്ക് പൊലീസ് പൈലറ്റ് വാഹനവും ബാന്റ് സെറ്റും വേണം. പ്രമുഖ വ്യക്തികളുമായുള്ള സംവാദത്തിന് ചുരുങ്ങിയത് 250 പേരെങ്കിലും ഉണ്ടായിരിക്കണം. ജനസദസ്സുകളിൽ ചുരുങ്ങിയത് 5000 പേരെ പങ്കെടുപ്പിക്കണമെന്നും മാർഗ നിർദേശങ്ങളിൽ പറയുന്നു.

2023 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് നവകേരള സദസ്സെന്ന പേരിൽ മണ്ഡല സദസ്സുകള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന വിധത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനൊപ്പം സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും മന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും പര്യടനം ലക്ഷ്യമിടുന്നു. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസ്സും നടത്തും.

നവംബര്‍ 18ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കം കുറിക്കും. ഓരോ മണ്ഡലത്തിലും എം.എല്‍.എമാര്‍ നേതൃത്വം വഹിക്കും. സെപ്റ്റംബര്‍ മാസത്തില്‍ സംഘാടകസമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കും. പരിപാടി വിജയിപ്പിക്കുന്നതിന് ജനപ്രതിനിധികളും സഹകരണ സ്ഥാപനങ്ങളും തൊഴിലാളികളും കൃഷിക്കാരും കര്‍ഷക തൊഴിലാളികളും മഹിളകളും വിദ്യാര്‍ത്ഥികളും മുതിര്‍ന്ന പൗരന്മാരും അടങ്ങുന്ന മണ്ഡലം ബഹുജന സദസ്സുകള്‍ ആസൂത്രണം ചെയ്യും. മണ്ഡലം സദസ്സിനോട് അനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കും.

Comments
Spread the News