തലസ്ഥാനം മുങ്ങിപോയ മഴയ്ക്ക് മുന്നറിയിപ്പില്ലാത്തത് എന്ത്കൊണ്ട് ? കേന്ദ്രത്തിനെതിരെ എ എ റഹീം എം പി

കാലാവസ്ഥ നിരീക്ഷണ സംവിധാനത്തിൽ കേന്ദ്രം കേരളത്തോട് കാട്ടുന്നത് കടുത്ത അവഗണനയെന്ന് എംപി എ എ റഹീം. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയിൽ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിലാണ് എംപിയുടെ പ്രതികരണം. കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യുന്ന ഈ അതിതീവ്ര മഴയാണ് വെള്ളക്കെട്ടിന് കാരണം. എന്തുകൊണ്ടാണ് ഇത്തരം അതിതീവ്ര മഴ സംബന്ധിച്ചു മുന്നറിയിപ്പ് നൽകേണ്ട കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അത്തരം ഒരറിയിപ്പ് നൽകാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. റേഷൻ മുതൽ റെയിൽവേ വരെ മോദി സർക്കാർ കേരളത്തോട് കാണിക്കുന്ന ശത്രുതാപരമായ അവഗണന ഇക്കാര്യത്തിലും തുടരുകയാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ റഹീം എം പി പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം:

റേഷനും റെയിൽവെയും എന്നപോലെ കാലാവസ്ഥാ കാര്യത്തിലും മോദി സർക്കാരിന് കേരളത്തോട് കടുത്ത അവഗണനയാണ്. രണ്ടു ദിവങ്ങളിലായി പെയ്ത അതിതീവ്ര മഴ പല ജില്ലകളിലും ദുരിതം ഉണ്ടാക്കി. കാലാവസ്ഥാ വ്യതിയാനം കുറേക്കാലമായി നമ്മെ രൂക്ഷമായി വേട്ടയാടുകയാണ്. മുന്നറിയിപ്പ് നൽകേണ്ട കേന്ദ്രസർക്കാർ സംവിധാനങ്ങൾ കാണിക്കുന്നത് ഗുരുതരമായ അവഗണനയാണ്.

2017ലെ ഓഖി ചുഴലിക്കാറ്റിൽ 91 പേർ മരിക്കുകയും 150 കുടുംബങ്ങളുടെ വീടുകൾ തകരുകയും ചെയ്തിരുന്നു. കേന്ദ്ര സർക്കാർ ലെവൽ 3 ദുരന്തമായി പ്രഖ്യാപിച്ച 2018 ലെ വെള്ളപ്പൊക്കത്തിൽ 450-ലധികം ആളുകൾ മരിക്കുകയും 44000 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. അതുപോലെ, 2019 ലെ വെള്ളപ്പൊക്കത്തിൽ 121 ൽ അധികം ആളുകൾ മരിച്ചു. ഇന്നലെ (16 10 2023)തിരുവനന്തപുരം നഗരത്തിൽ മാത്രം 25.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി!!

കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യുന്ന ഈ അതിതീവ്ര മഴയാണ് വെള്ളക്കെട്ടിന് കാരണം. എന്തുകൊണ്ടാണ് ഇത്തരം അതിതീവ്ര മഴസംബന്ധിച്ചു മുന്നറിയിപ്പ് നൽകേണ്ട കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അത്തരം ഒരറിയിപ്പ് നൽകാതിരുന്നത് സംസ്ഥാനം പലതവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ സംസ്ഥാനത്തു അത്യാധുനികമായ കാലാവസ്ഥാ പ്രവചന സംവിധാനം ഒരുക്കുന്നില്ല. റേഷൻ മുതൽ റെയിൽവേ വരെ മോദി സർക്കാർ കേരളത്തോട് കാണിക്കുന്ന ശത്രുതാപരമായ അവഗണന ഇക്കാര്യത്തിലും തുടരുന്നു.

കാലാവസ്ഥാ പ്രവചനത്തിന് ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന നൂതനമായ ഒരു റഡാർ പോലും കേരളത്തിലില്ല. കൊച്ചിയിലെ പഴയ ഒരു റഡാർ മിക്ക സമയത്തും ശരിയായി പ്രവർത്തിക്കുന്നില്ല, ഡിസിഷൻ സപ്പോർട്ട് സിസ്റ്റങ്ങളിൽ ഉപയോഗിക്കുന്നതിന് ഡിജിറ്റൽ ഫോർമാറ്റിൽ ഡാറ്റ നൽകാത്ത പഴയ സംവിധാനമാണിത്. തിരുവനന്തപുരത്തെ റഡാർ ഐഎസ്ആർഒയുടെ കീഴിൽ VSSCയിൽ ആയതിനാൽ എല്ലാ സമയത്തും കാലാവസ്ഥാ നിരീക്ഷണ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയില്ല.

ഇനി നമ്മൾ മനസ്സിലാക്കേണ്ടത്,വടക്കൻ കേരളത്തിൽ ഒരിടത്തും കാലാവസ്ഥാ പ്രവചനത്തിനായി ഒരു റഡാർ പോലുമില്ല എന്ന കാര്യമാണ്!! 2013 മുതൽ ആധുനിക ഡോപ്ലർ റഡാറുകൾ വേണമെന്ന് കേരളം ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്രസർക്കാർ ഇതുവരെ അനുവദിച്ചിട്ടില്ല. വടക്കും തെക്കും മധ്യ മേഖലകളിലും ആധുനിക ഡോപ്ലർ റഡാറുകൾ അനുവദിക്കണമെന്നും രാജ്യസഭയിൽ ഞാൻ ആവശ്യപ്പെട്ടിരുന്നു.

അപകട സാധ്യത കൂടിയ പാരിസ്ഥിതിക ദുർബല പ്രദേശമായ ഇടുക്കി മേഖലയ്ക്ക് ഒരു എക്സ്-ബാൻഡ് മിനി ഡോപ്ലർ റഡാർ അനുവദിക്കണമെന്നും ഇതോടൊപ്പം സഭയിൽ ആവശ്യപ്പെട്ടു. കേരളം ഇക്കര്യങ്ങൾ തുടർച്ചയായി കേന്ദ്ര സർക്കാരിനോട് ആവശ്യം ഉന്നയിക്കുമ്പോഴും കേന്ദ്ര സർക്കാർ കാട്ടുന്ന ശത്രുതാപരമായ അവഗണനയ്‌ക്കെതിരെ കേരളം കൈകോർക്കണം.

 

Comments
Spread the News