മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ നൂറാം പിറന്നാളാഘോഷത്തിൽ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ സുരേഷിന് സിപിഐഎമ്മിന്റെ വിലക്ക്. പാലക്കാട് മുണ്ടൂരിൽ വിഎസിനെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ സംഘടിപ്പിച്ച ‘നൂറിന്റെ നിറവിൽ വിഎസ്’ പരിപാടിയിലാണ് സുരേഷിനെ വിലക്കിയത്. വിഎസിന്റെ നൂറാം പിറന്നാൾ ദിനമായ 20-ന് നടത്താൻ തീരുമാനിച്ച പരിപാടിയിലേക്ക് സുരേഷിനെ സംഘാടകർ ക്ഷണിച്ചിരുന്നു.
ദീർഘകാലം വിഎസിന്റെ സഹായിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന പാലക്കാട്ടുകാരനായ വ്യക്തി എന്ന നിലയിലായിരുന്നു ക്ഷണം. സുരേഷിൻറെ പേര് ഉൾപ്പെടുത്തി ക്ഷണക്കത്ത് തയാറാക്കിയിരുന്നു. സിപിഐഎമ്മുകാരും പാർട്ടി അനുഭാവികളുമായ ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സുരേഷിനെ കൂടാതെ മറ്റ് അതിഥികളെല്ലാം സിപിഐഎമ്മുകാരാണ്.
വർഷങ്ങൾക്കു മുമ്പ് തന്റേതല്ലാത്ത കാരണങ്ങളാൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ആളാണ് താനെന്നും ഇന്നേവരെ പാർട്ടിക്കെതിരെ പ്രവർത്തിച്ചിട്ടില്ലെന്നും സുരേഷ് റിപ്പോർട്ടറിനോട് പറഞ്ഞു. ഏതെങ്കിലും പ്രാദേശിക നേതാവിന്റെ ബുദ്ധിയിലുദിച്ച വിവരക്കേടായിട്ടേ ഈ സംഭവത്തെ കാണുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സുരേഷിന്റെ വാക്കുകൾ
പത്തുദിവസം മുൻപാണ് സംഘാടകർ ക്ഷണിച്ചത്. ഞാൻ എത്തുമെന്ന് പറഞ്ഞതുമാണ്. അതിനുശേഷം രണ്ടു ദിവസം കഴിഞ്ഞാണ് സഖാവിനെ പങ്കെടുപ്പിക്കുന്നതിൽ ചില ബുദ്ധിമുട്ടുകളുണ്ട് എന്ന് സംഘാടകർ പറഞ്ഞത്. വർഷങ്ങൾക്കു മുമ്പ് എന്റേതല്ലാത്ത കാരണങ്ങളാൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ആളാണ് ഞാൻ. ഇന്നേവരെ പാർട്ടിക്കെതിരെ പ്രവർത്തിച്ചിട്ടില്ല, സംസാരിച്ചിട്ടില്ല. ഏതെങ്കിലും പ്രാദേശിക നേതാവിന്റെ ബുദ്ധിയിലുദിച്ച വിവരക്കേട്, അതായിട്ടേ ഞാൻ ഇതിനെ കാണുന്നുള്ളൂ.