എംസി റോഡിലെ കൊടുംവളവുകളിൽ പൊലിയുന്നത് നൂറുകണക്കിന് ജീവനുകൾ. തിരുവനന്തപുരം–- കൊട്ടാരക്കര റോഡിലെ മണ്ണന്തല മുതൽ തൈക്കാട് വരെയുള്ള ഭാഗമാണ് മരണക്കെണിയാകുന്നത്. വാഹനങ്ങളുടെ മരണപ്പാച്ചിലും റോഡിലെ കുഴികളും വീതി കുറവുമാണ് അപകടങ്ങൾക്ക് കാരണം.
കരകുളം, വെമ്പായം, മാണിക്കൽ ഭാഗത്താണ് കൂടുതൽ അപകടങ്ങൾ. മരുതുപാലം, മേലെചിറ്റാഴ, വട്ടപ്പാറ എന്നിവിടങ്ങൾ അപകടം പതിയിരിക്കുന്ന പ്രദേശങ്ങളാണ്. വട്ടപ്പാറ ജങ്ഷനിൽ കാൽനട യാത്ര പോലും ദുസ്സഹമാണ്. കണക്കോട് മുതൽ വേറ്റിനാട് വരെയുള്ള ഭാഗങ്ങളിലും വലിയ വളവുകളുണ്ട്. വേറ്റിനാട് മുതൽ പെരുംകൂർ വരെയുള്ള ഭാഗങ്ങളിൽ അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ ആറടി താഴ്‌ചയുള്ള തോട്ടിലേക്കാണ് വീഴുന്നത്. കന്യാകുളങ്ങരയും വെമ്പായത്തും റോഡിന് വീതിയില്ലാത്തത് പ്രശ്‌നമാണ്. കിടങ്ങയം, കൊപ്പം, കാവിയാട് പ്രദേശങ്ങളിലെ വളവുകളിലും അപകടമുണ്ടാകാറുണ്ട്. പിരപ്പൻകോട് മുതൽ തൈക്കാട് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് കൂടുതൽ വളവുകൾ.
Comments