‘സെമിനാറിലേക്ക് ഇല്ല’; പേര് വച്ചത് താൻ അറിയാതെയെന്ന് പന്ന്യൻ രവീന്ദ്രൻ

ഏക സിവിൽ കോഡിനെതിരായ സിപിഐഎം സെമിനാറിൽ പങ്കെടുക്കില്ലെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി. തന്നെ അറിയിക്കാതെയാണ് തന്റെ പേര് നിർദ്ദേശിച്ചത്. പാർട്ടിയെ പ്രതിനിധീകരിച്ച് ഇ കെ വിജയൻ എംഎൽഎയാണ് സെമിനാറിൽ‌ പങ്കെടുക്കുക എന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ തീരുമാനിച്ച പരിപാടികൾ ഉള്ളത് കൊണ്ട് ആണ് പങ്കെടുക്കാത്തത്. ആ ദിവസം കൊട്ടാരക്കരയിലും എറണാകുളത്തും മറ്റ് പരിപാടികൾ ഉണ്ട്. കേരളത്തിൽ എല്ലാവരും ഒരുമിച്ചുള്ള പരിപാടികൾ എളുപ്പമല്ല. പക്ഷേ എല്ലാവർക്കും ഒരേ നിലപാട് ആണ്. എല്ലാവരും പുറത്ത് ആയത് കൊണ്ട് മുതിർന്ന നേതാക്കൾ പങ്കെടുക്കില്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

മുസ്ലീം ലീ​ഗ് സെമിനാറിൽ പങ്കെടുത്താലും അതൃപ്തിയുടെ വിഷയം ഉദിക്കുന്നില്ല. മുസ്ലീം ലീ​ഗിനെ ക്ഷണിച്ചതിൽ സിപിഐക്ക് അതൃപ്തി എന്നത് വാർത്ത മാത്രം. അങ്ങനെ ഒന്നില്ല. എല്ലാവരും ഒരുമിച്ചു നിൽക്കുക എന്നതാണ് നിലപാട്. ഏക സിവിൽ കോഡിനെതിരെ സിപിഐയും പ്രക്ഷോഭം നടത്തും. അതു സംബന്ധിച്ച് നാഷണൽ കൗൺസിലിൽ തീരുമാനം എടുക്കുമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

ഇടതുമുന്നണിയുടെ ഭാഗമായി നടത്തേണ്ട സെമിനാര്‍ സിപിഐഎമ്മിന്റെ പാര്‍ട്ടി പരിപാടിയാക്കി ചുരുക്കിയതില്‍ സിപിഐയ്ക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നത്. മുസ്ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതിലും സിപിഐ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സിപിഐയുടെ ജില്ലാ നേതാക്കള്‍ സെമിനാറിന്റെ സംഘാടക സമിതിയുടെ ഭാഗമാണ്. ഏക സിവില്‍ കോഡിനെതിരായ സെമിനാറിന്റെ ലക്ഷ്യത്തോട് എതിര്‍പ്പില്ലാത്തതിനാല്‍ ജില്ലാ നേതാക്കള്‍ക്ക് പരിപാടിയുമായി സഹകരിക്കാമെന്നുമാണ് സിപിഐയുടെ നിലപാട്. ജൂലൈ 15നാണ് സെമിനാർ.

Comments
Spread the News