എന്‍ ബിരേന്‍ സിംഗ് രാജി വെച്ചേക്കില്ല; മണിപ്പൂരില്‍ നാടകീയ രംഗങ്ങള്‍

മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് രാജിവെച്ചേക്കില്ല. രാജി വെച്ചേക്കുമെന്ന റിപ്പോർട്ടുകള്‍ക്കു പിന്നാലെ അതി നാടകീയമായ നീക്കങ്ങളാണ് മണിപ്പൂരില്‍ അരങ്ങേറുന്നത്. ഗവര്‍ണര്‍ അനുസൂയ യുകെയെ കണ്ട് ബിരേന്‍ സിംഗ് രാജി കത്ത് കെെമാറുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാർ രാജി കത്ത് കീറി കളഞ്ഞുവെന്നാണ് റിപ്പോർട്ട്.

രാജിവെക്കുമെന്ന അഭ്യൂഹം പുറത്ത് വന്നത് മുതല്‍ വസതിക്ക് മുന്നില്‍ വലിയ ജനക്കൂട്ടം തടിച്ചുകൂടി മനുഷ്യചങ്ങല തീർത്തിരുന്നു.

”രാജിവെക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെയാണ് മണിപ്പൂരിലെ അമ്മമാര്‍ ഇവിടെ എത്തിയത്. ബിരേന്‍ സിംഗ് ഉത്തരവാദിത്തം ഏറ്റെടുത്ത് ജനങ്ങളെ സംരക്ഷിക്കണം. അദ്ദേഹം രാജിവെച്ചല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തും. അത് അംഗീകരിക്കാനാവില്ല.’ എന്നായിരുന്നു പ്രതിഷേധക്കാരിലൊരാള്‍ പ്രതികരിച്ചത്.

രാജി വെക്കരുതെന്ന ആവശ്യം ബിജെപി സംസ്ഥാന അധ്യക്ഷയുടെ നേതൃത്വത്തില്‍ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് അറിയിക്കാന്‍ ശ്രമിച്ചിരുന്നു.

സംസ്ഥാനത്തെ സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ ബിരേന്‍ സിംഗ് പരാജയപ്പെട്ടെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കിയിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം അമിത് ഷായെ കണ്ട് ബിരേന്‍ സിംഗ് സംസ്ഥാനത്തെ സംഘര്‍ഷ സാഹചര്യങ്ങള്‍ വിശദീകരിക്കുകയുമുണ്ടായി. കൂടിക്കാഴ്ച്ചയില്‍ രാജിക്കാര്യം ചര്‍ച്ചയായെന്നാണ് വിവരം.

മെയ് മൂന്നിന് ആരംഭിച്ച സംഘര്‍ഷം സംസ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്. 130 പേര്‍ കൊല്ലപ്പെട്ട അസാധാരണ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മെയ്തെയ് മേഖലയായ മൊയ്റായില്‍ എത്തി കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചുവരികയാണ്. അതിനിടെയാണ് മുഖ്യമന്ത്രിയുടെ രാജി വാര്‍ത്തയെത്തുന്നത്.

മൊയ്റായില്‍ നിന്നും ഇംഫാലില്‍ തിരിച്ചെത്തിയ ശേഷം വിവിധ സംഘടനാ നേതാക്കളുമായും രാഹുല്‍ കൂടിക്കാഴ്ച്ച പദ്ധതിയിട്ടിട്ടുണ്ട്. നാഗ ഉള്‍പ്പടെ 17 വിഭാഗങ്ങളുമായാണ് ഇന്നത്തെ കൂടിക്കാഴ്ച്ചയെന്ന് മണിപ്പൂര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായതിനാല്‍ സംസ്ഥാനത്തെ ഇന്നത്തെ സാഹചര്യം നിര്‍ണായകമാണ്. സംഘര്‍ഷ സാധ്യത തുടരുന്നതിനാല്‍ മണിപ്പൂരില്‍ അതീവ ജാഗ്രതയാണ്.

Comments
Spread the News